Thursday, July 14, 2011

ഒരു പെങ്കൊച്ചെന്നെ വട്ടത്തിലാക്കി.......

ഒരാഴ്ച് മുൻപാണ് സംഭവം സാധാരണയായി ഞാൻ ഇ  മെയിൽ ഒന്നും ഉപയോഗിക്കാറില്ല. കാരണം കൃത്യമായി ഉപയോഗിക്കാനറിയില്ല എന്നതാണ് സത്യം  ആദ്യമായി മെയിൽ ID ഉണ്ടാക്കിത്തന്നത് ഒരു സഹപ്രവർത്തകനാണ്  3 വർഷങ്ങൾക്കു മുമ്പ്. ജോലിചെയ്യുന്ന ഓഫീസിൽ 12 വർഷമായി കമ്പ്യൂട്ടർ ഉണ്ട്. തുടക്കത്തിൽ ഒന്നും ആർക്കും അതിൽ തൊടാൻ ധൈര്യമുണ്ടായിരുന്നില്ല. താല്പര്യമുള്ള വരെ ഒരിക്കലും അതിന്റെ അടുത്തെക്ക് അടുപ്പിക്കുകയും ചെയ്തിരുന്നില്ല. ഇപ്പഴും തഥൈവ. അതെല്ലാം പിന്നീട്. കാര്യത്തിലേക്കു വരാം  3 മാസമായി ബ്ലോഗെഴുത്തു തുടങ്ങിയതിൽ പിന്നെയാണ് കമ്പ്യൂട്ടർ കുറേശ്ശെ ഉപയൊഗിക്കാൻ തുടങ്ങിയത് വീട്ടിൽ കമ്പ്യൂട്ടർ ഇല്ല. പഠിക്കുന്ന മകൾക്ക് ഒരു ലാപ് ഉണ്ട് അത് വല്ലപ്പോഴും വീട്ടിൽ കൊണ്ടു വരുമ്പോൾ മാത്രമാണ് കയ്യിൽ കിട്ടുക  അതിനാൽ പരിചയം വളരെ കുറവ് എങ്കിലും 2 വർഷം മുൻപ്  മകളുടെ സഹായത്താൽ ഓർക്കൂട്ടിൽ കയറിപ്പറ്റി. വല്ലപ്പൊഴും തുറക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു. ലാപ് മകൾ കൊണ്ടുപോകുന്നതിനാൽ വല്ലപ്പോഴും മാത്രമെ ഓർക്കൂട്ടാനും പറ്റിയിരുന്നുള്ളു. ആദ്യത്തെ സുഹൃത്ത് മകളായിരുന്നു മറ്റു ബന്ധുക്കളായ കുട്ടികൾ ആയിരുന്നു പിന്നുള്ള സുഹൃത്തുക്കൾ. വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തതിനാൽ സുഹൃത്തുക്കളൂടെ കൂട്ടത്തിൽ നിന്ന് അവൾ ഇറങ്ങിപ്പോയി അവൾ  ലാപ് മായി വീട്ടിൽ വരുമ്പോൾ അവളുമായി ഓർക്കൂട്ടിൽ ക്കൂടി സംവദിക്കണ്ട ആവശ്യമില്ല എന്നതായിരുന്നു ന്യായം. തികച്ചും ശരിതന്നെ.

    പിന്നീടാണ് അവൾ ഓർക്കൂട്ടിനെ തള്ളി ഫേസ് ബുക്കുമായി ചങ്ങാത്തം സ്ഥപിച്ചതറിഞ്ഞത് എന്തായാലും മകളുടെ സഹായത്താൽ ഫേസ്‌ബുക്കിലും ഒരു അക്കൗണ്ട് തുറന്നു. കാര്യമായി ഒന്നും ചെയ്യാറില്ലായിരുന്നു. എന്റെ വിവരക്കേടുകൾക്ക് പരിഹാരം അസാധ്യമായതിനാലും, എനിക്ക് പറഞ്ഞു തന്നാൽ കാര്യങ്ങൾ മനസ്സിലാകാത്തതിനാലും,അക്ഷമയും എന്നെ കമ്പ്യൂട്ടർ സാക്ഷരനാക്കാൻ അവൾ  ആത്മാർത്ഥമായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ഞങ്ങൾ തമ്മിൽ പലപ്പോഴും അടികൂടുകയും ചെയ്തു. ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറുടെ കഷ്ടകാലം.BTec  കഴിഞ്ഞ് മകൾക്കിപ്പോ ജോലികിട്ടി കാമ്പസ് സിലക്ഷനിൽ തന്നെ. മെറിറ്റിൽ പഠിച്ച് ജോലി നേടിയ മകളോടുള്ള എന്റെ കടപ്പാടും നന്ദിയും ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ. പലപ്പോഴും അവളുടെ ആവശ്യങ്ങൾ ആഗ്രഹങ്ങളും മുഴുവൻ സാധിച്ചു കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതിൽ നിന്നും രക്ഷപ്പെടാനായി  എപ്പഴും ഞാൻ ആ  പാവത്തിനെ കുറ്റപ്പെടുത്തുമായിരുന്നു.

ചില്ലറ ബ്ലോഗിങ്ങുമായി അർമാദിച്ചുനടക്കുന്നതിനിടയിലാണ് ഇ മെയിലിൽ ബ്ലൊഗർ മാരുടെ അറിയിപ്പുകളും നന്ദിപ്രകടനങ്ങളും വന്നുകിടക്കുന്നതായി കാണുന്നത്  ഞാൻ ഇതുവരെ എന്റെ ബ്ലോഗിൽ ചില പൊട്ടത്തരങ്ങളും വങ്കത്തങ്ങളും പല പല ലേബലുകളിൽ പ്രദർശിപ്പിക്കാറുണ്ട്
എന്ന ഒരു തെറ്റല്ലാതെ വേറൊരു സൈബർ കുറ്റവും ചെയ്തിട്ടില്ല. പല ബ്ലോഗുകളിലും പോയി അഭിപ്രായം പറയാറുണ്ട് പലപ്പോഴും പലതും മനസ്സിലായിട്ടല്ല.. എങ്ങനെയെങ്കിലും സ്വന്തം ബ്ലോഗിൽ നാലാളെക്കയറ്റാനുള്ള പരിശ്രമമായിരുന്നു.ഈ വക തട്ടിപ്പുകളൊന്നും ഫലവത്തായില്ല എന്നതാണ് സത്യം. എന്തായാലും മെയിലുകളോട് പ്രതികരിക്കാൻ തീരുമാനിച്ചു. എന്നാലും ഇവയെല്ലാം എങ്ങിനെ വരുന്നുവെന്ന് ഒരും എത്തും പിടിയും കിട്ടുന്നില്ല ഒരു കമൻറ്റിട്ടു തിരിയുമ്പഴെക്കും മെയിലിൽ നന്ദിപ്രകടനം .എന്തൊ ഇവ തമ്മിൽ പരസ്പര ബന്ധമുണ്ട് ഗൂഗിളമ്മച്ചിയുടെ മക്കളാണല്ലോ.. ബ്ലൊഗും,മെയിലുമെല്ലാം. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതൊന്ന് ഇഴപിരിച്ചെടുക്കാൻ കഴിഞ്ഞില്ല. ചിലർക്കെല്ലാം ഞാനും മെയിൽ വിട്ടു ഞാനൊരു പോസ്റ്റിട്ടുണ്ട് ഒന്നു വന്നു വായിക്കണമെന്നും ദയനീയമായി അപേക്ഷിച്ചുകൊണ്ട്.
ഉടൻ മറുപടിവന്നു  ലിങ്കു തരൂ എന്നു പറഞ്ഞ്.. എനിക്കൊന്നും മനസ്സിലായില്ല. അവരുടെ
പോസ്റ്റ് വായിക്കാൻ പറഞ്ഞുവന്ന മെയിൽ അഡ്രസ്സിൽ ആണ് മെയിൽ അയച്ചത്. ലിങ്ക്, ലിങ്ക്.എന്നു ധാരാളം കേൾക്കാറുണ്ടെങ്കിലും ആപ്രയോഗം ശരിക്കും അറിയില്ല  അവർക്ക് ഞാൻ എന്റെ പോസ്റ്റിന്റെ പേരും വിവരങ്ങളെല്ലാം അയച്ചു കൊടുത്തു ഒരുഫലവുമില്ല.  എന്തായാലും ആപരിപാടി നിർത്തി. പിന്നീട് ചില ബ്ലോഗ് സുഹൃത്തുക്കളുടെ സഹായത്തിൽ ഫേസ്ബുക്കിൽ ബ്ലോഗിലെ പോസ്റ്റിന്റെ പരസ്യം ചെയ്യാൻ പഠിച്ച് സായൂജ്യമടഞ്ഞു .എന്നിട്ടും പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ ഒഴിഞ്ഞുകിടന്നു എന്റെ ബ്ലോഗുമാത്രം.

ഈഅവസരത്തിലാണ് എനിക്കു ഒരു പെങ്കൊച്ചിന്റെ ( ബ്ലോഗിണിയാണ് ) മെയിലിൽ വന്നത് അവരുടെ ബ്ലൊഗിൽ കമന്റിയതിന്റെ ടാങ്ക്സ് അറിയിച്ചു കൊണ്ട്. ദയവായി നന്ദി വേണ്ട പകരം എന്റെ ആൾതാമസമില്ലാത്ത ബ്ലൊഗിൽ ഇടക്കെല്ലാം ഒരു കമന്റിട്ടാൽ മതി എന്നും മറുപടി അയക്കാൻ തുടങ്ങുമ്പോഴാണ് മെയിലിൽ സാധാരണയില്ലാത്ത ഒരു ചുവപ്പു ബട്ടണും കുറെ ഇംഗ്ഗീഷ് എഴുത്തുകളും കണ്ടത് ഇഗ്ലീഷിനെ ഒഴിവാക്കി  നാലുവാക്കു വായിച്ചാൽ മതി ദഹിക്കില്ല.... ഭയങ്കര ഗ്യാസാ... ചുവന്നു കണ്ട ആ സുനയിൽ ഞക്കിയപ്പോൾ ഗൂഗിളിന്റെ വക കുറെ ചോദ്യങ്ങളും ഉടൻ തന്നെ മകളെ സഹായത്തിനു വിളിച്ചു  അനാവശ്യ ചോദ്യങ്ങൾ ചോദിക്കില്ല എന്നു ഉറപ്പു കൊടുത്തതനുസരിച്ച് അവൾ സഹായിക്കാമെന്നേറ്റു. അവളുടെ ചോദ്യങ്ങൾക്കുമാത്രം ഉത്തരം നൽകി  അഛനിതാരാ അയച്ചുതന്നത് ഇത് പരീക്ഷണ ഘട്ടമാണ് എന്നൊക്കെ പിന്നീട് അവൾ പറഞ്ഞു അഛന്റെ ഫ്രന്റ് അഛനെ അവരുടെ സർക്കിളിലാക്കിട്ടുണ്ട് ഇനി അഛനും ആളുകളെ സർക്കിളിൽ ചേർക്കണം ആരാ അഛന്റെ ഈ ഫ്രന്റ്....?. ഇത്ര പെട്ടന്ന് ഇതൊക്കെ കിട്ടാനും അഛനു അയച്ചുതരാനും ഗൂഗിൾ തിരഞ്ഞെടുത്ത ആളുകൾക്കുമാത്രമെ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ .ആരാപ്പ ഇത്രക്കും വലിയ ഒരു ഫ്രണ്ട് .?...  നാലുകൊല്ലം തലസ്ഥാനത്ത് എഞ്ചിനീയറിങ്ങിനു പഠിച്ച് കമ്പ്യൂട്ടർ എഞ്ചിനീയർ ആയിട്ടും അവൾക്ക് കിട്ടാത്ത സൗകര്യം എനിക്ക് ലഭ്യമായതിലുള്ള അഹങ്കാരത്താലും എല്ലാം ശരിയായി എന്നുകരുതിയതിനാലും ഞാൻ തനി സ്വഭാവം പുറത്തെടുത്തു. അതു നീയറിയണ്ട... നീ നിന്റെ കാര്യം നോക്കിയാൽ മതി .. മകളുടെ ഭാവം മാറി അവൾ പിറുപിറുത്തുകൊണ്ട് എണീറ്റു പോയി. എന്റെ അഹംഭാവത്തിന്റെ ഫലം

എന്തായലും നനഞ്ഞിറങ്ങി ഇനി കുളിച്ചു കയറുക തന്നെ. സ്വന്തം നിലയിൽ പരീക്ഷണങ്ങൽ തുടങ്ങി ഒരുകാര്യം മനസ്സിലായി ആപെങ്കൊച്ച് എന്നെ സർക്കിളിലാക്കി (വട്ടത്തിലാക്കി) എന്നും ഇതു ഗൂഗിളിന്റെ ഒരു ആളെ ചേർക്കുന്ന പരിപാടി ആണെന്നും മണി ചെയിൻ പോലെ ഒരുപരിപാടി ആകും അതിനാൽ ധാരാളം ആളെ ചേർത്താൽ ഡോളറിലുള്ള സമ്പാദ്യമുണ്ടാക്കാമെന്നുംധരിച്ച്  കമ്പ്യൂട്ടറിന്റെ മുമ്പിൽ തപസ്സിരുന്ന് ഞാൻ സ്വന്തമായി ഒരു വട്ടമുണ്ടാക്കി(സർക്കിൾ) കിട്ടുന്നവരെ എല്ലാം അതിൽ പിടിച്ചിടാൻ ശ്രമിച്ചു കൊണ്ടിരുന്നു സത്യം പറയാലൊ തുടക്കത്തിലായതുകൊണ്ട് ചുളുവിൽ കുറച്ചു സമ്പാദ്യമുണ്ടാക്കാം എന്ന അത്യാർത്തിയിൽ മറ്റാരോടും വിവരം അന്വേഷിച്ചതൊ പറ്ഞ്ഞതൊ ഇല്ല. എന്റെ വട്ടത്തിൽ ആളുകൾ കൂടാൻ തുടങ്ങി 5,10,20, 50അങ്ങിനെ വളർന്ന് 100നു മുകളിലായപ്പോൾഒരു വല്ലാത്ത സന്തോഷം ഹീീീീീ...യാാാാ.....

അമ്മേ.. അഛനു വട്ടായീന്നാ തോന്നണ്  ശബ്ദം കേട്ട് ഓടിവന്ന മകളുടെ കമന്റ്..  അതൊരു പുതിയ കാര്യമല്ലല്ലോ.. ഭാര്യയുടെ പിന്തുണ. ചൊറിഞ്ഞു വന്നെങ്കിലും ഞാൻ നാലുകാശ് സമ്പാദിച്ചിട്ട് വേണം ഇവരോട് നാലു പറയാൻ എന്നും കരുതി മൗനം എനിക്ക് ഭൂഷണം എന്ന തത്വം പാലിച്ചു.അതിനിടക്കാണ് എർണാകുളം മീറ്റ് വന്നത് പോകാനും വയ്യ പോകാതിരിക്കനും വയ്യ. ഒരുരഹസ്യമായിരിന്നു ആളെ ചേർക്കാൻ കഴിയില്ലല്ലോ... എന്തായാലും പോകാൻ തീരുമാനിച്ചു അവിടെനിന്ന് പുതിയ ബന്ധങ്ങൾ ഉണ്ടാക്കണം തിരികെ വന്നിട്ട് വേണം കുറെ ആളുകളെ ക്കൂടിചേർത്ത് വട്ടം വലുതാക്കണം തൽക്കാലം ഒരു മാരുതി ആൾട്ടോ വാങ്ങണം വീടിന്റെ അടുക്കള ഭാഗം ഒന്നു വാർപ്പാക്കണം. പിന്നീട് മകളുടെ കല്യാണം.. പല പല സ്വപ്നങ്ങൾ. മീറ്റ് ഗംഭീരമായി അവിടെ വച്ച് ആരോടും പറയാൻ പോയില്ല എല്ലാവരും വലിയപുള്ളികളാണ്  അവർ വന്നാൽ എന്റെ മുന്നിൽ എത്തും അതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിൽ
വന്നിട്ടും അളുകളെ പിടിച്ച് വട്ടത്തിലാക്കൽ നിർബാധം തുടർന്നു.വട്ടത്തിലായവരുടെ സംഖ്യ
150 കടന്നു. സാവധാനത്തിൽ 200നു മുകളിലെത്തി മെല്ലെ 250നടുത്തെത്തി എന്തായാലും
ആൾട്ടോ വേണ്ട ഷിഫ്റ്റ് തന്നെ വേണം അതാവുമ്പം നല്ല ACയാണ് പുറമെ എല്ലാ ഓപ്‌ഷനും ഉണ്ട്

പണ്ട് ഒരു മണിചെയിനിൽ കുറച്ച് ആളുകളെ ചേർത്തപ്പോൾ ചില്ലറ തടഞ്ഞതാ.. അപ്പഴേക്കും അസൂയക്കാർ പ്രശ്നമാക്കി സർക്കാർ എടപെട്ടപ്പോൾനിറുത്തി. ഇതാവുമ്പം Googlതരുന്ന പണമല്ലെ.? ആർക്കും ഒരു പ്രശ്നമെ അല്ല അവർക്കൊക്കെ ഭയങ്കര പരസ്യവരുമാനമാണത്രെ. വരുമാനം ഡോളറിൽ ആകുന്നതു കൊണ്ട്  ഇൻകം ടാക്സ് കൊടുക്കേണ്ടിവരുമോ.. വേണ്ടി വരില്ല.  എന്തായാലും ബ്ലോഗർ കാർട്ടൂണിസ്റ്റ് സജീവേട്ടനെ ചേർക്കണം. അവസാനം മതി,
കക്ഷി ഇൻകം ടാക്സിലാത്രെ.ഒരു ഉപകാരത്തിൽ പെടും. വട്ടത്തിലായവരുടെ എണ്ണം മുന്നൂറിനടുത്തെത്താനായി 300പേരൊക്കെ ആയാൽ എന്തായാലും ഒരു നല്ലസഖ്യ
കിട്ടുമായിരിക്കും ഡോളർ എവിടന്നാണ് മാറ്റിയെടുക്കുക. എല്ലാം ഒന്നു അന്വേഷിക്കണം.
 ചിലപ്പോൾ ഇനി ഞാൻ ആളെ ചേർക്കണ്ടിവരില്ല.എന്തായാലും എന്നെ വട്ടത്തിലാക്കിയ പെങ്കൊച്ചിനോടുതന്നെ അന്വേഷിക്കാം മെയിൽ അഡ്രസ്സല്ലാതെ വേറൊന്നുമില്ല എന്തായാലും മൊബൈൽ നമ്പർ അയച്ചുതരാൻ വേണ്ടി ഒരു മെയിൽ  വിട്ടു. കാര്യം എല്ലാം നേരിട്ടു പറയാം
എന്നും എഴുതി എന്തായാലും മറുപടി മെയിൽ വന്നു ഫോൺ നമ്പറിനൊപ്പം ചേട്ടാ ഞാൻ
 ഗൾഫിലാ.. എന്നൊരുകുറിപ്പും

 എന്തായാലും ഉടനെ തന്നെ പോയി ഫോൺ ചാർജ്ജു ചെയ്തു. എന്തു പറ്റി ചേട്ടാ മാസത്തിൽ 10 രുപക്കു ചാർജു ചെയ്യുന്ന ഞാൻ 100 രൂപക്കു ഫോൺ ചാർജ്ജു ചെയ്തപ്പോൾ കടക്കാരനു അത്ഭുതം. "ധാരാളം വിളിക്കാനുണ്ട്  എപ്പോഴും ചാർജ്ജു ചെയ്യണ്ടല്ലോ"... അതു വേണ്ട ഇനി ഒരുകൊല്ലം കഴിഞ്ഞു മതിയാകും.. ഹ.ഹ.ഹ.  കടക്കാരന്റെ തമാശ. ഒന്നും പ്രതികരിച്ചില്ല. ഡോളറു വരട്ടെ എന്നിട്ടു മറുപടി നൽകണം ഇവർക്കൊക്കെ.  വീട്ടിലെത്തി ഉടനെത്തന്നെ പെങ്കൊച്ചിനെ വിളിച്ചു  ബെല്ലടിച്ച ഉടൻ തന്നെ ഫോൺ എടുത്തു എന്റെ തൊട്ടു മുകളിലുള്ള ആളായതുകൊണ്ട് എന്തായാലും എന്നെക്കാളും അവർക്ക് ഗുണമുണ്ടാകും ഡോളറിന്റെ കാര്യം ചോദിച്ച ഉടൻ  കുപ്പിഗ്ലാസ് മാർബിൾ തറയിൽ വീണു ചിതറിയ പോലെ ഒരു പൊട്ടിച്ചിരിയായിരുന്നു, ആ ചിരി ഒരു അഞ്ചു മിനിറ്റ് നീണ്ടു നിന്നുകാണും ചേട്ടനെന്താ കരുതിയത് ഇത് അത്തരം പരിപാടിയൊന്നുമല്ല. ഇതൊരു സോഷ്യൽ നെറ്റ്വർക്കിഗ് ഏർപ്പാടാ... അതെന്നെയാ കൊച്ചേ ഞാനുദ്ദേശിച്ചത്  ഈ നെറ്റ്വർക്ക് മാർക്കറ്റിങ്ങ് പോലെ ഒരാളെ ചേർത്ത് അയാൾ മൂന്നാളെ ചേർക്കുന്നപോലെ ഞാൻ എന്റെ താഴെ മുന്നൂറുപേരെ ചേർത്തിട്ടുണ്ട് മോളേ..... അതിന്റെ ഗുണം എനിക്കു കിട്ടണം എന്നെ കളിപ്പിക്കല്ലേ.....

"അവൾ എന്നെ പറ്റിച്ച്  എല്ലാം ഒറ്റക്ക് തട്ടിക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നു"
"നടപ്പില്ല മോളേ... ഞാനാരാമോൻ"

ചേട്ടൻ facebookൽ മെമ്പറാണോ..?
അവളുടെ ചോദ്യം.  അതെ എന്റെ   മറുപടി.
അതു ഉപയോഗിക്കാറുണ്ടോ..?  വീണ്ടും
അവളുടെ ചോദ്യം. ഉവ്വ് കൊച്ചേ.. ഇത്
I S D യാ..  ചോദ്യം ചോദിച്ച് കളിച്ച്
എന്റെ കാശ് കളയാതെ കാര്യം പറ.
 ചേട്ടാ ... ഇത്  Googl ന്റെ ........
 ഹലോ...ഹലോ.. ഹലോ... ഒന്നും കേൾക്കന്നില്ല..  അല്ല ഫോൺ കട്ടായതാ.. വീണ്ടും വിളിച്ചു നോക്കി ഇല്ല കിട്ടുന്നില്ല മറുപടി പറയാനാകാതെ അവൾ കട്ട് ചെയതാകും വിവരം നാട്ടിലെല്ലാം പാട്ടാക്കണം അവളെ നാറ്റിക്കണം. എന്തായാലും ഈവിവരത്തിനൊരു പോസ്റ്റും ഇടണം. നാട്ടിലള്ളൊരു ബ്ലോഗറെ വിളിച്ച് വിവരം പറയാൻ വേണ്ടി ഫോൺ എടുത്ത് വിളിച്ചു സാധാരണ മിസ് അടിക്കാറാണ് പതിവ്  അതും കിട്ടുന്നില്ല. ഫോണിൽ ബാലൻസ് ഇല്ലെന്ന മറുപടിയാണ് കേൾക്കുന്നത്  നാലുപാടും ഒന്നു നോക്കി  അതെ ഫോണിൽ നിന്നു തന്നെ  എന്റെ മാതാവേ... ഇപ്പോൾ കയറ്റിയ 100രുപയും മുൻപുണ്ടായിരുന്ന 4രൂപയുമടക്കം 104 രൂപയും കഴിഞ്ഞു വിവരം കൃത്യമായി അറിയാനും കഴിഞ്ഞില്ല ... പേഴ്സിൽനിന്ന് ഒരു 100 രൂപ കൂടി എടുത്ത് കടയിലേക്ക് ഫോൺ ചാർജുചെയ്യാനായി വീണ്ടും പുറപ്പെട്ടു  അപ്പോഴതാ ഫോൺ അടിക്കുന്നു  നോക്കിയപ്പോൾ നമ്പർ വരുന്നതിനു പകരം 000 എന്നു കാണിക്കുന്നു കാശ് തീർന്ന വിവരം പറയാൻ കമ്പനിക്കാരു വിളിക്കുന്നതായിരിക്കും എന്തായാലും എടുത്തില്ല.  വീണ്ടും ഫോൺ അടിക്കുന്നു. ഇപ്പോൾ Call എന്നാണ് കാണിക്കുന്നത്  എന്തായാലും എടുത്തു.

ചേട്ടാ.. എന്താ ഫോൺ കട്ടു ചെയ്തത്  ദുബായിക്കാരി പെങ്കൊച്ചാണ്  ഇത്   Google  ന്റെ facebook ണ് മനസ്സിലായോ... അല്ലാതെ മണിച്ചെയിനല്ല.ഞാൻ നാട്ടിലെ എന്റെ ഒരു സുഹൃത്തിന്റെ നമ്പർ മെസ്സെജ് ചെയ്ത് തരാം അവളും ഒരു ബ്ലോഗറാണ് അവൾ നിങ്ങക്ക് വിശദമായി പറഞ്ഞുതരും.എന്നും പറഞ്ഞു ഫോൺ കട്ടു ചെയ്തു.എന്തായാലും കടയിൽ പോയി 10 രൂപക്ക് ചാർജു ചെയ്തു. എന്തായാലും മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു  ആരാ... "ഞാൻ ഗൾഫീന്ന്..... പറഞ്ഞിട്ട് വിളിക്വാ.. "  ഓ.. മനസ്സിലായി.. മനസ്സിലായി.. മറ്റേ വട്ടത്തിൽ ആളെ ചേർത്ത മണി ചെയിൻ ചേട്ടൻ.. ഞാനും ഒരു ബ്ലോഗറാണ് .----- ലേശം തിരക്കിലാണ് കുറച്ചുകഴിഞ്ഞ് വിളിക്കാം .ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ തിരിച്ചു വിളിച്ചു എല്ലാം വിശദമായി പറഞ്ഞു പഠിപ്പിച്ചു തന്നു. ഇതു ഫേസ്‌ബുക്കിനെ പോലെ തന്നെയുള്ളതാണെന്ന് വിശ്വസിക്കാൻ എന്നിട്ടും  ഒരു പ്രയാസം . എന്തെല്ലാം സ്വപ്നങ്ങൾ, ഷിഫ്റ്റ് എസി കാർ, അടുക്കള വാർപ്പാക്കൽ,കല്യാണം . ഇതിലും ന്റെ ബ്ലോഗിന്റെ പരസ്യം കൊടുക്കാലൊ അങ്ങിനെ സമാധാനിച്ചു

ചേട്ടാ.... എന്താ ഒന്നും മിണ്ടാത്തെ..? സാരമില്ലെന്നെ..  Googl+ നെ ക്കുറിച്ച് മനസ്സിലായില്ലെ?.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിച്ചോ.. ഞാൻ പറഞ്ഞു തരാം  ഒരു പോസ്റ്റിനു വകുപ്പായില്ലേ... എന്നാ വയ്‌ക്കട്ടെ...
google.com

ഫോൺ വച്ച് നേരെ പോയി കമ്പ്യൂട്ടർ തുറന്ന് Googlഎടുത്തു. ഞാൻ വട്ടത്തിലാക്കിയവർ 303
എന്നെ വട്ടത്തിലാക്കിയവർ (in circles) വെറും രണ്ടു പേർ ദുബായിക്കാരി പെങ്കൊച്ചും എന്റെ സംശയം തീർത്തു തന്ന ബ്ലോഗിണിയും മാത്രം....... എന്നാലുമെന്റെ കൊച്ചുങ്ങളെ എന്നെ ഇങ്ങനെ വട്ടത്തിലാക്കണ്ടിയിരുന്നില്ല.. ഈയുള്ളവന്  facebook തന്നെ ഒരു ആർഭാടമാണേ........





38 comments:

  1. പൊന്മളക്കാരന്‍ വട്ടത്തില്‍ ആക്കിയവര്‍ക്കും പൊന്മളക്കാരനെ പുജ്യനാക്കിയ കൊച്ചുങ്ങള്‍ക്കും
    പൊന്മളക്കാരനും ഈ സര്‍ക്കിള്‍ ഏമന്ടെ ആശംസകള്‍

    ReplyDelete
  2. അടിപൊളി പോസ്റ്റ്!

    ദാ, ഞാനിപ്പോൾ കുറച്ചാളികളെ വട്ടത്തിലാകിയതേ ഉള്ളൂ!
    ഗൂഗിൾ പ്ലസ് ഇൻ വൈറ്റുകൾ കുറേനാളായി വരുന്നുണ്ടെങ്കിലും അതിൽ ചേരാതെ മടിച്ചു നില്ല്കുകയായിരുന്നു ഞാൻ. ഒടുവിൽ ഇന്നു ചേർന്നു. 114 പേരെ ഞാൻ വട്ടത്തിലാക്കിക്കഴിഞ്ഞ് നോക്കിയപ്പോഴാ കണ്ടത്, 105 പേർ എന്നെ വട്ടത്തിലാക്കിക്കഴിഞ്ഞിരിക്കുന്നു!

    എന്തായാലും പൊന്മളക്കാരന് അഭിമാനിക്കാം.

    100% പെണ്മണിമാരുടെ വട്ടക്കാരൻ!

    ഭാരത് മാതാ കീ ജയ്!

    (എല്ലാ ഇൻഡ്യക്കാരും എന്റെ സഹോദരീസഹോദരമാരാണല്ലോ! അല്ലേ?)

    ReplyDelete
  3. ഫയങ്കരാ, ഫീകരാ!

    In Jayachandran Nair /'s circles(520)

    People in common (66)

    എന്നെപ്പോലുള്ള അത്തപ്പാടികളെ പറ്റിക്കാനായിരുന്നല്ലേ ഈ പോസ്റ്റ്!?

    എല്ലാം എനിക്കു മനസ്സിലായി!

    ReplyDelete
  4. adipoloyaayi chetta...enthayaalum oru postinu vaka ayello athu pore?

    ReplyDelete
  5. മുഖ(പുസ്തക)ത്തൊരാട്ടുകൊടുത്തുകൊണ്ടാണ് ഇവിടെയീയിംഗ്ലണ്ടിൽ സകലമാനപേരും വട്ടത്തിലായി കൊണ്ടിരിക്കുന്നത് കേട്ടൊ ഭായ്

    ReplyDelete
  6. വട്ടത്തിലായാല്‍ കറങ്ങാന്‍ എളുപ്പമാ....ന്റെ പൊന്‍മളക്കാരാ....

    ReplyDelete
  7. അപ്പോ കാര്യങ്ങള്‍ വട്ടക്കലാശമായി അല്ലെ?
    ഓരോരോ സ്വപ്നങ്ങളേ...
    എന്തായാലും വട്ടത്തിലാക്കല്‍ നിര്‍ത്തണ്ട.
    ഫേസ്‌ബുക്ക്‌ വന്നപ്പോള്‍ ഓര്‍ക്കൂട്ടില്‍ ആള്‍ കയറാതായപോലെ, ഇനി ഫേസ്‌ബുക്കില്‍ നിന്നും ആളിറങ്ങി പ്ലസ്സില്‍ കയറും.

    ReplyDelete
  8. സംഭവം രസകരമായി ..വായിച്ചു ഒടുവില്‍ ഞാനും വട്ടത്തിലായി പോയി :)

    ReplyDelete
  9. സൂപ്പര്‍ പോസ്റ്റ്‌......
    എനിക്ക് ചിരിയടക്കാന്‍ കഴിയുന്നില്ല.ഗൂഗിള്‍ പ്ലസ്‌ മൂലം ഇത്ര മനോഹരാമായ അനുഭവം വേറെ ആര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല.
    (എന്തായാലും പൊന്‍മളക്കാരനെ ഞാനും വട്ടത്തിലാക്കിയിട്ടുണ്ട്.)

    ReplyDelete
  10. വയസാംകാലത്ത് അടങ്ങി ഒതുങ്ങി ഇരിക്കാതെ ആള്‍ക്കാരെ വട്ടത്തിലാക്കാന്‍ നോക്കിയാല്‍ ഇങ്ങിനെ ഇരിക്കും....ഉള്ള സത്യം പറയാമല്ലോ ഞാന്‍ ചിരിച്ച് പോയി, പോസ്റ്റ് വായിച്ചപ്പോള്‍

    ReplyDelete
  11. ഇതിലെ ഒരു കഥാപാത്രം ഞാനല്ലേ..? പോസ്റ്റ്‌ നന്നായി ചിരിപ്പിച്ചു........ :))

    ReplyDelete
  12. കാര്യമൊക്കെ കൊള്ളാം . വട്ടത്തില്ലാക്കി ഒടുവില്‍ നമുക്കെല്ലാം വട്ടായി പോകാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete
  13. പ്രിയ പൊന്മള ചേട്ടാ...
    അപ്പൊ വട്ടത്തിലാക്കല്‍ പരിപാടി തുടങ്ങി അല്ലേ..
    എന്നെയും ഒത്തിരിപ്പേര്‍ വട്ടത്തിലാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ട്...പക്ഷെ അവര്‍ വട്ടത്തിലായാതേ ഉള്ളൂ..
    ഞ്യാന്‍ ആരാ മ്യോന്‍...??
    ഇതുവരെ ഈ സംഭവത്തെപ്പറ്റി (ഗൂഗിള്‍ പ്ലസ് )ഒരു പിടിപാട് കിട്ടിയില്ല..
    പോസ്റ്റ്‌ നന്നായിട്ടുണ്ട്...

    ReplyDelete
  14. രാവിലെ വന്നു ഗൂഗിള്‍ അമ്മാവന്‍ വച്ചുതന്ന തപാല്‍പ്പെട്ടി തുറന്നു നോക്കിയപ്പോള്‍ എന്നെ വട്ടത്തില്‍ ചാടിക്കാന്‍ നോക്കുന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തെയും കണ്ടു. ആരെടാ ഇത് എന്നാ ചിന്തയുമായി വന്നു നോക്കിയതാണ്. നാട്ടുവര്‍ത്തമാനം കിടിലന്‍! ഞാനും വട്ടത്തില്‍ ഇറക്കിയിട്ടുണ്ട് കേട്ടോ.

    ReplyDelete
  15. മോളെ പിണക്കാതിരിക്കുകാ ബുദ്ധി !!

    ReplyDelete
  16. സസ്പെന്‍സ് ത്രില്ലെര്‍ ...കില്ലെര്‍ .....

    ReplyDelete
  17. വട്ടത്തിലാക്കല്‍ പരിപാടി കൊള്ളാം..എനിക്കും വട്ടത്തില്‍ സംഭവത്തെപ്പറ്റി അത്ര പിടിപാട് ആയിട്ടില്ല..അതോണ്ട് ഫേസ് ബുക്കില്‍ തന്നെ നില്‍പ്പാണ് ഇപ്പോഴും .

    ReplyDelete
  18. അടിപൊളി ........... എന്റമ്മേ ചിരിച്ചു മരിച്ചു... ഗൂഗിൾ പ്രൊഫൈൽ ലിങ്ക് തരൂ... ഞാനും ചേട്ടനെ ഒന്നു വട്ടത്തിലാക്കാം

    ReplyDelete
  19. സഹോദരാ....സ്തുതി....രാവിലെ കുറേ ചിരിച്ചു.... പിന്നെ...ഈ മണിചെയിൻ സ്വപ്നം കണ്ട് നടക്കുന്നതിലാ..ഇങ്ങനെയൊക്കെ സൊഭവിക്കുന്നത്.... മോൾക്ക് കാമ്പസ് സെലക്ഷൻ കിട്ടിയല്ലോ...പിണക്കണ്ടാ....മണിയടിച്ച് കൂടെ നിർത്തിക്കോളൂ...ഒരു മാരുതി സ്വിഫ്റ്റും,അടക്കളയുടെ വാർപ്പും മോൾ ശരിയാക്കിത്തരും..... സഭവം അടിപൊളി...ട്ടോ...

    ReplyDelete
  20. ദൈവം കാത്തു
    അല്ലെങ്കില്‍ എന്നെയും വട്ടത്തിലാക്കിയേനെ

    ReplyDelete
  21. വട്ടത്തിലാക്കല്‍ കലക്കി.

    ReplyDelete
  22. പ്രിയപ്പെട്ട സുഹൃത്തേ,
    നര്‍മം താങ്കള്‍ക്ക് നന്നായി വഴങ്ങുന്നു!ഇഷ്ടമായി....അച്ഛനും മോള്‍ക്കും അഭിനന്ദനങ്ങള്‍...ഈ സ്നേഹത്തിനു...ഈ സൌഹൃദത്തിനു...
    നല്ലത് വരട്ടെ!ഇനിയും എഴുതു!
    ഒരു നല്ല കര്‍ക്കടക മാസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  23. ചുറ്റിപ്പോയി എന്നു സാരം...എന്തായാലും പെട്ടു,ഇനിയാ ഇട്ടാ വട്ടത്തില്‍ കിടന്നൊന്ന് കറങ്ങൂ....

    ReplyDelete
  24. ഇതൊരു വല്ലാത്ത വട്ടം ആയിപ്പോയി. ഇത് ശരിക്കും നര്‍മ്മം തന്നെയാ. (വെറുമൊരു തമാശ അല്ല). കുറെ പ്രസ്ഥാനങ്ങളെ കളിയാക്കുന്നുണ്ട്, തികച്ചും ആര്‍ക്കും ഹാനികരമാകാത്ത വിധത്തില്‍. നന്നായി ആസ്വദിച്ചു. ഭാവുകങ്ങള്‍.

    ReplyDelete
  25. പൊന്മളക്കാരാ,ഏതായാലും നമ്മളൊക്കെ വട്ടത്തിലായി.കുറെ പേരെ വട്ടത്തിലാക്കുകയും ചെയ്തു. ഇനി ചെറിയൊരു സംഭാവന പിരിച്ചെടുത്താലോ? .അധികവും ഗള്‍ഫുകാരായിരിക്കും.ആളൊന്നുക്ക് 10 ദിര്‍ഹം കിട്ടിയാല്‍ നമുക്ക് സിഫ്റ്റും അടുക്കളയും ഒക്കെ ശരിയാക്കാം.ശരീഫ് ഭായിയോട് നിയമ വശങ്ങള്‍ ചോദിക്കാം. സംഭാവന വാങ്ങുന്നത് കുറ്റമാവാന്‍ വഴിയില്ല!.പിന്നെ ബിലാത്തിയെപ്പോലുള്ള ബഡാ ഭായിമാരുമില്ലെ?

    ReplyDelete
  26. നല്ല രസമായി അവതരിപ്പിച്ചു. കൊള്ളാം.കുറെ കാര്യങ്ങള്‍ എനിയ്ക്കും മനസ്സിലായി. ഉള്ളതു പറയാമല്ലോ. ഇങ്ങനെ കുറെപ്പേര്‍ എന്നെയും വട്ടത്തിലാക്കാന്‍ നോക്കി.ഇപ്പോള്‍ തന്നെ ജങ്കുമെയില്‍ ശരിക്കും ഉള്ളതുകൊണ്ട് ഞാനത് avoid ചെയ്തു. അതുകൊണ്ട് കമന്‍റാന്‍ വരുന്ന കുറച്ച് കൂട്ടുകാരും പോയി. എന്താ ചെയ്യുക. പിന്നെ പുതിയ ആളായതു കൊണ്ടു പറയുകാ. ചിലര് മെയിലയച്ച് നമ്മളെക്കൊണ്ട് വായിപ്പിക്കും . പിന്നെ നമ്മുടെയൊട്ടു തിരിഞ്ഞു നോക്കുകയില്ല. പിന്നെ നമ്മളങ്ങോട്ടു ചെന്നില്ലേലിങ്ങോട്ടും വരത്തില്ല.

    ReplyDelete
  27. കുറെ ഇന്‍വിറ്റേഷന്‍ വന്ന് കിടപ്പുണ്ട്...

    ആറ്റിലേയ്ക്കച്ച്യുതാ ചാടൊല്ലേ ചാടൊല്ലേ
    കാളിയന്‍ പാര്‍പ്പുണ്ടീ കാളിന്ദിയില്‍

    എന്ന് ചെവികളില്‍ മുഴങ്ങുന്നതുകൊണ്ട് പെന്‍ഡിംഗില്‍ നിര്‍ത്തിയിരിക്കയാണ് പക്ഷെ.

    ReplyDelete
  28. കൊള്ളാല്ലോ, സംഗതി ഞമ്മളും വട്ടത്തിലേക്ക് ആളെ ചേര്‍ക്കുന്ന പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട്.. അതിലെയൊക്കെ വരാം ട്ടോ..

    ReplyDelete
  29. ആദ്യമായാണു താങ്കളുടെ ബ്ലോഗ് വായിക്കുന്നത്...നല്ല ഭാഷ..നന്നായിട്ടുണ്ട്....

    ReplyDelete
  30. വട്ടത്തിലാക്കാന്‍ ശ്രമിച്ചാല്‍ കഷ്ടത്തിലാവും ഇഷ്ടാ....

    ReplyDelete
  31. ഒത്തിരി ചിരിച്ചു പോസ്റ്റ് വായിച്ച്...മൊബൈല്‍ കടക്കാരന്റെ കമന്റ് സൂപ്പര്‍......

    ReplyDelete
  32. ഇത് വായിചു ഞാന്‍ ആകെ വട്ടത്തിലായി -

    എന്നെ ഒന്ന് നേര്‍ രേഖയിലാക്കാന്‍ ആരെങ്കിലും ഉണ്ടോ?

    ReplyDelete
  33. ഈ വട്ടമെല്ലാം കണ്ട് വട്ടാകുമെന്നാ തോന്നുന്നെ...

    ReplyDelete
  34. അവസാനം നമ്മളു വട്ടത്തിലാകുന്ന ലക്ഷണമാ കാണുന്നത്... :)

    ReplyDelete