Showing posts with label കഥ.. Show all posts
Showing posts with label കഥ.. Show all posts

Tuesday, August 23, 2011

പ്രണയം


പ്രണയം……

ലീവുകഴിഞ്ഞുള്ള തിരിച്ചു പോക്ക്  കുറച്ചു ചുറ്റി പോകുന്ന ബസ്സായതിനാൽ യാത്രക്കാർ നന്നെ കുറവ്. ചാറ്റൽമഴ മുനിഞ്ഞുപെയ്യുന്നു.അരിച്ചെത്തുന്ന തണുപ്പും, ഒന്നു രണ്ടുവർഷമായി തണുപ്പു കൂടി വരുന്നു ഇനി ചുരത്തിലെന്താണാവോ സ്ഥിതി ബ്ലൊക്കൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു
8 മണിക്കാണ് സിറ്റിയിൽനിന്നും ട്രെയിൻ, ടിക്കറ്റ് രണ്ടെണ്ണം റിസർവ് ചെയ്തിട്ടുണ്ട്. ആദ്യമായാണ്. പേർസിൽ നിന്നും ടിക്കറ്റ് ഒന്നെടുത്തു നോക്കി കൃത്യ സമയം 20.05 സൈഡ് ബർത്താണ്  ഇന്ന് ഉറങ്ങലുണ്ടാകില്ല. അടുത്ത മാർച്ചിൽ കോഴ്സ് തീരും പിന്നത്തെ കാര്യങ്ങൾ ഒരു തീരുമാനമാക്കണം അവൾക്ക് ഇപ്പഴേ വിവാഹാലോചനകൾ വരുന്നുണ്ടത്രെ? വീട്ടുകാർ കല്യാണം താമസിയാതെ നടത്താനുള്ള ഒരുക്കത്തിലാണുപോലും. താഴ്ത്തിയിട്ടിരുന്ന ബസ്സിന്റെ ഷട്ടർ പൊക്കിനോക്കി മഴ ചെറുതായി ചാറുന്നുണ്ട് തണുപ്പ് ഒന്നൂടി കൂടിയിരിക്കുന്നു മഴതുള്ളികൾ കയ്യിൽ തട്ടുമ്പോൾ ഐസ് തൊട്ടപോലെ തണുക്കുന്നു.അവളുടെ സ്റ്റോപ്പെത്താറായി ബസ് സ്റ്റാന്റ് റിപ്പയറായതിനാൽ ബസ്സ് പുറത്തു നിർത്തുകയേ ഉള്ളൂ. ഷട്ടർ ചെറുതായി പൊക്കി പിടിച്ചു ആരാണാവോ കൂട്ടു വരുന്നത് സാധാരണയായി ചേട്ടനാണ് വരാറ്, സിറ്റിയിൽ വന്ന് ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറ്റിവിടാറാണു പതിവ്. വെക്കേഷനിൽ സിറ്റിയിൽ വന്ന് രണ്ടു മണിക്കൂർ ക്യൂ നിന്നിട്ടാണ് ടിക്കറ്റ് റിസർവുചെയ്തത്. ബർത്തുണ്ടെങ്കിലും ഉറങ്ങും എന്നു തോന്നുന്നില്ല എന്തെല്ലാം പറയാനുണ്ട് .. ഉറങ്ങാതെ കണ്ണോടുകണ്ണും നോക്കി കഥകൾ പറഞ്ഞ് രാവു പകലാക്കണം വെളുപ്പാൻ കാലത്ത് അവളുടെ മടിയിൽ തലവെച്ച് കിടന്ന് ഒന്നു മയങ്ങണം
സ്റ്റോപ്പെത്തി

മഴ ഒന്നൂടെ കൂടുതലായി.. അമ്മയാണ് ഒപ്പം ഹാവൂ.!! ചേട്ടനെ കാണുന്നില്ല അവളെന്നെ കണ്ടുകഴിഞ്ഞു ബസ്സു നിർത്തിയതും അവൾ അമ്മക്ക് എന്നെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു അമ്മേ ദേ.. ആളുണ്ട്. അമ്മ അടുത്തു വന്നു പറഞ്ഞു മോനെ.. അവളെ ഒന്നു ശ്രദ്ധിച്ചോണേ.. അവളുടെ ചേട്ടനു സുഖമില്ല അതാ വരാത്തെ ഞാൻ സിറ്റിയിലേക്ക് വന്നാൽ രാത്രി തിരിച്ചുവരാൻ വല്യ ബുദ്ധിമുട്ടാ.. മോൻ ഇവളെ ട്രെയിനിലെ ലേഡീസിൽ ഒന്നു കയറ്റിക്കൊടുക്കണേമോൻ ഉണ്ടാകുമെന്ന് മോളുപറ്ഞ്ഞിരുന്നു എന്നാലും മോനെ നേരിൽ കണ്ടപ്പഴാ ഒരു സമാധാനായത്.

സാരമില്ലമ്മേ എല്ലാം ഞാൻ നോക്കിക്കോള്ളാം  അമ്മ ധൈര്യമായിപോയ്ക്കോളൂ

അവൾ ബസ്സിലേക്ക് കയറി.. തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ലേഡീസ് സീറ്റിൽ  കയറിയിരിക്കാനുള്ളപുറപ്പാടാണ്. എന്നെ ഒളിഞ്ഞു നോക്കുന്നുമുണ്ട് കണ്ണുകാട്ടി മുന്നിലേക്കു വിളിച്ചു.. തൊട്ട സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ് മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുന്നു.. കാലിനടിയിൽനിന്നൊരു വിറയൽ അവൾ ഇങ്ങോട്ടു വരില്ലേ.. ധാരാളം സീറ്റുകൾ ഒഴിവുണ്ട് ധൈര്യം സംഭരിച്ച് എണീറ്റ് പിന്നോട്ട് നടന്നു അവളുടെ ബാഗുമെടുത്ത് മുന്നോട്ട് പോന്നു.. അനുസരണയോടെ അവളുംവന്നു..  സൈഡ് സീറ്റിലേക്ക് അവളെ കയറ്റിയിരുത്തി..   തൊടാതെ അടുത്തിരുന്നു
‘’അതു ശരി കള്ളൻഇതിനായിരുന്നു ബസ്സിനു തന്നെ പോകണം എന്നു പറഞ്ഞതല്ലേ.. ഈബസ് സിറ്റിയിലെത്താൻ ഒരു മണിക്കൂർ കൂടുതലെടുക്കും’’
തണുപ്പ് കൂടി കൂടി വരുന്നു മുൻപിലത്തെ സീറ്റിൽ കുറച്ചു പൊന്തി നിൽക്കുന്ന ഷട്ടറിൽ കൂടി തണുപ്പ് അടിച്ചു കയറുന്നു എണീറ്റു പോയി ഷട്ടർ ശരിയായി താഴ്ത്തിവച്ചു. മഴയുംതണുപ്പും കൂടിതട്ടിയപ്പോൾ വിരലുകൾ വിറകൊണ്ടു സീറ്റിൽ വന്നിരുന്ന് കൈകൾ കൂട്ടിത്തിരുമ്മാൻ തുടങ്ങി.. അപ്പഴേക്കും അവൾ ബാഗിൽനിന്നും ഒരു ചെറിയ ടിഫിൻ ബോക്സ് എടുത്ത് മടിയിൽ വച്ചിരുന്നു അതു തുറന്നു എന്തൊ എടുക്കാനുള്ള പരിപാടിയാണ് .. തണുത്തു വിറച്ച് കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്ന എന്നെ     ഒന്നു നോക്കിപുഞ്ചിരിച്ചും കൊണ്ട് പാത്രം തുറന്ന് എന്തൊ എടുത്ത് വായിലിട്ട്.. തണുത്തു വിറച്ച എന്റെ കൈകൾ അവൾ കൂട്ടിപ്പിടിച്ചു. ഇളം ചൂടുള്ള ആകൈകൾക്കിടയിൽ എന്റെ കൈവിരലുകൾ വിറകൊണ്ടു.  
എന്തു തണുപ്പാ
എന്റെ മടിയിലേക്ക് മുഖം കുനിച്ച് അവളുടെ രണ്ടു കവിളുകളിലും എന്റെ കൈകൾ ചേർത്തു വച്ചു മിനുമിനുത്ത ആകവിളുകളിൽ തൊട്ടപ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം .. സാവധാനത്തിൽ എന്റെ ഇരു കൈപ്പത്തികളിലും അവൾ ചുണ്ടുകൾ ചേർത്തു    എന്റെ ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുന്നതായും ഞാനൊരു തൂവൽ കണക്കെ വായുവിൽ പറന്നു നടക്കുന്നതുമായ ഒരു അവസ്ഥ

എന്തുപറ്റി മാഷെ. ബോധം പോയോ..?

പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാല ബോധംവന്നത് 
ചുരം എത്താനായി തുടങ്ങി ഷട്ടറിനുള്ളിലൂടെ അരിച്ചെത്തുന്ന തണുപ്പ് ശരീരത്തിലേക്ക്
സൂചിമുനയാലെന്ന പോലെ തുളച്ചുകയറുന്നു. ഒന്നുകൂടി ചേർന്നിരുന്നു.. രണ്ടുപേരും തമ്മിലുള്ള 
അകലം ഇല്ലാതായിരിക്കുന്നു അവൾ പുതച്ചിരുന്ന ഷാളിനുള്ളിലേക്ക് കയറിക്കൊള്ളാനുള്ള അവളുടെ ക്ഷണം നിരസിക്കാനായില്ല. ചുരമിറങ്ങാൻ തുടങ്ങി, കൂടിവരുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാനായി ഷാളിനുള്ളിൽ ഒന്നൂടെ ചേർന്നിരുന്നു. തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചുനെൻചിലേക്ക് ചേർന്നിരുന്ന് അവൾ മയങ്ങാൻ തുടങ്ങി. ഞാൻ നിധികാക്കും ഭൂതത്തേപോലെ കണ്ണും മിഴിച്ചിരുന്നു.. സാവധാനത്തിൽ അവൾ മടിയിലേക്ക് തല വച്ച് കിടന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ. ആചുമലുകളിൽ താളം പിടിച്ചുകൊണ്ട് ചുരുണ്ടമുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ഞാൻ കണ്ണടച്ച് ദിവാസ്വപ്നങ്ങളിൽ മുഴുകി

 ഏയ്.. ഏയ്. ആരോ തൊളിൽ തട്ടി വിളിക്കുന്നു

 ചേട്ടാ എന്റെ ബാഗ്.. വിട്.എനിക്ക് സ്റ്റോപ്പിൽ ഇറങ്ങണം
എന്റെ അടുത്ത സീറ്റിൽ ഇരുന്നിരുന്ന പയ്യനാണ് അവന്റെ ബാഗ് പകുതി എന്റെ മടിയിലാണ് ബാഗിന്റെ വള്ളി ഞാൻ  കയ്യിൽ ചുറ്റി പിടിച്ചിരിക്കുകയാണ്, കണ്ണു തിരുമ്മി ഒന്നൂടെ നോക്കി  അവളുടെ ചുരുണ്ട കാർകൂന്തലിനു പകരം പയ്യൻസിന്റെ ബാഗിന്റെ വള്ളി കയ്യിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.. പെട്ടന്നു കൈ കുടഞ്ഞ് പയ്യന്റെ ബാഗ് വിട്ടുകൊടുത്തു

സാറെ ബാക്കി വേണ്ടേ.. എന്തു പറ്റി, കയറിയപ്പോൾ തുടങ്ങിയ ഉറക്കമാണല്ലോ..  കണ്ടക്റ്റർ...

ഹോന്നൂല്യാ.  "ഒരു ഒരുസുന്ദരസ്വപ്നം"



Monday, August 8, 2011

കണി

രാവിലെ കണ്ണും തിരുമ്മി എണീറ്റ ഉടനെ ലാപ്‌ടോപ് ഓണാക്കി. ഈയിടെയായി ലാപിന് ഓണായിവരാൻ ഒരു താമസം. മുതലാളി മാറിയതിന്റെ കെറുവാണെന്നു തോന്നുന്നു.
മകളാണ്  R.C. ഓണർ ഭരണം മാറിയതിനെതുടർന്ന് ഞാൻ അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയതാണ്. എന്തായാലും പല്ലുതേച്ചുവന്നപ്പഴേക്കും ഓണായിട്ടുണ്ട്. നെറ്റ്
കണക്റ്റ് ചെയ്തു 48രൂപ മാസത്തിൽ കൃത്യമായി കൊടുക്കുന്നതിനാൽ അര മണിക്കൂറിനുള്ളിൽ കണക്ഷനാകും.സ്ക്രീനിന്റെ ഒരു മൂലയിൽ അവാസ്ത മുളച്ചുപൊങ്ങി...അവൾക്ക് 21 ഡോളർ അയച്ചുകൊടുക്കാൻ പറയുന്നുണ്ട് അവളുടെ സേവനം അവസാനിച്ചൂന്ന്..  ശിവ ശിവ..21 ഡോളർച്ചാൽ ആയിരത്തിലധികം രൂപ വേണ്ടീരുന്നില്ല മാരണം ഈ വൈറസിനെ ഒക്കെ പിടിക്കാൻ വല്ല എലിക്കെണിയോ മറ്റോ ഫിറ്റുചെയ്താൽ പോരേ... ഞാനെന്തായാലും
ലാപ് ഇനു ചുറ്റും കുറച്ചു ചാഴിപ്പൊടി വിതറിയിട്ടുണ്ട്. "പഞ്ചസാരപാത്രത്തിൽ ഉറുമ്പ്
വരാതിരിക്കാൻ ചെയ്യുന്നതുപോലെ" ഇനി വേണെങ്കിൽ കുറച്ചു 'Hit' വാങ്ങി അടിച്ചും
കൊടുക്കാം ഭാര്യ അടുക്കളയിലെ മുഴുത്ത പാറ്റകളെ ഇതിനാലാണ് കശാപ്പുചെയ്യാറ്
പിന്നയാ ചിന്ന വൈറസ്.. അല്ലാതെ ആയിരം രൂപയൊന്നും മുടക്കാനാവില്ല. ബ്ലോഗിങ് നിറുത്തേണ്ടിവരും ഇങ്ങിനെ പോയാൽ നാലു കമന്റിനു വേണ്ടി ഇത്രയൊന്നും
മുടക്കാൻ എന്താ എനിക്കു വട്ടോ....?

അതു മുൻപേ ഉള്ളതാന്നല്ലേ...... ഹ. ഹ.ഹാ.... നിങ്ങൾ ആരോടും പറയല്ലേ.....

കുളിയും ജപവുമെല്ലാം കഴിഞ്ഞു വന്നപ്പഴേക്കും സ്ക്രീനിൽ "നാട്ടുവർത്താന" വും ഫേസ് ബുക്കും
റെഡി.  ബ്ലോഗിൽ നോക്കിയപ്പോൾ ഒരാൾപോലും പുതിയതായിവന്ന് കമന്റീട്ടില്ല.!! എന്താണെന്നറിയില്ല ഒരിക്കൽ എത്തിനോക്കിയവർ പിന്നീട് ഈവഴിക്കു വരുന്നില്ല.!
 ഫേസ് ബുക്കിൽ ചെന്ന് ചില നാരീജനങ്ങളെ ഒന്നു ലൈക്കാൻ നോക്കി... പറ്റുന്നില്ല!
കമന്റാൻ നോക്കിയപ്പോൾ ഫേസ് ബുക്ക് സമ്മതിക്കുന്നില്ല! നാശം.. രാവിലെ എണീറ്റ
ഉടനെ കണ്ണാടിയിൽ നോക്കിയതിന്റെ ഫലം.. ലാപ്പനെ പൂട്ടി ജോലിക്ക്പോകാൻ ഒരുങ്ങി.
താക്കോൽ കൈവശമുള്ളതിനാൽ രാവിലെ നേരത്തേ പത്തരയാകുമ്പഴേക്കെങ്കിലും ബാങ്കിലെത്തണം. ഇല്ലെങ്കിൽ നാട്ടുകാർ എന്തുപറയും.

 മേശപ്പുറത്ത് ആവിപറക്കുന്ന പുട്ടും കടലക്കറിയും കഴിക്കാൻ തുടങ്ങൽപ്പോൾ ഭാര്യ..
വൈകുന്നേരം വരുമ്പോൾ പച്ചക്കറി കൊണ്ടുവരണം ഇവിടെ ഒന്നും ഇല്ല.. കറിവെക്കാൻ... ബ്ലോഗിൽ ഒരുകമന്റു പോലും കിട്ടാതെ ഫേസ് ബുക്കിൽ ഒന്നു ലൈക്കാൻ പോലും പറ്റാതെ
ഇരിക്കുമ്പോഴാ അവളുടെ  ഒരു പച്ചക്കറി.....  കാരണമൊന്നും കിട്ടാത്തതിനാൽ പുട്ടിൽ
തേങ്ങ കൂടിയെന്നും പറഞ്ഞ്  ഭാര്യയെ നല്ല നാലു  #&$@# വിളിച്ചു. ഒരു കുറ്റി പുട്ട് അകത്തായിക്കഴിഞ്ഞതിനാലുംഭാര്യയുടെ ഭാവം മാറിവരുന്നതിനാലും വേഗത്തിൽ
 കൈകഴുകി കുടയും താക്കോൽ കൂട്ടവുമെടുത്ത് വീട്ടിൽ നിന്നും പുറത്തുചാടി.
ചന്നം പിന്നം പെയ്യുന്ന മഴയും കൃഷിപ്പണി നടക്കുന്നതും മൂലം പാടവരമ്പിലെല്ലാം നിറയെ ചളിപിളിയാണ് തെന്നിയും വഴുക്കിയും  മെയിൻ റോഡിലെത്താറായി ചെരുപ്പിലും
കാൽമുട്ടുവരെയും ചളി കൈത്തോട്ടിലിറങ്ങി കാലും ചെരുപ്പും നന്നായികഴുകി.വെള്ളത്തിൽ
നിന്നു കയറാൻ തിരിഞ്ഞപ്പോൾ അതാ പൊകുന്നു വലതുകാലിലെ ചെരുപ്പ് വെള്ളത്തിൽ
എന്നെ നോക്കി ഒരു പാൽ പുഞ്ചിരി തൂകിക്കൊണ്ട്. കുനിഞ്ഞ് പിടിക്കാൻ നോക്കിയപ്പഴേക്കും
 ചെരുപ്പ് ഒഴുക്കിൽ ഒരാൾ വെള്ളത്തിലെത്തി തത്തിക്കളിക്കുന്നു വാങ്ങിയിട്ട്  6മാസം
 പോലുമായിട്ടില്ല 260രൂപ കൊടുത്ത് വാങ്ങിയതാണ് ഒരു ചെരുപ്പ് കാലിലുണ്ട്
എന്തുചെയ്യാം ഒന്നായിട്ട് വാങ്ങാൻ കിട്ടില്ലല്ലോ.. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഉപയോഗിക്കേണ്ടതാണ്.. ധർമ്മസംഘടത്തോടെ മറ്റേചെരുപ്പിനേയും വെള്ളത്തിൽ ഒഴുക്കിവിട്ടുകൊണ്ട്  അവയ്ക്ക് യാത്രാമംഗളങ്ങൾ നേർന്നു.....

 രാവിലെ എണീറ്റ ഉടൻ കണ്ണാടിനോക്കിയതിന്റെ ഫലം..!!!   "ദിവസഫലം"

നഗ്നപാദനായി റോഡിലെത്തി, വന്ന ഒരു K.S.R.T.C ബസ്സിൽ ചാടിക്കയറി കണ്ടക്ടർക്കു സാധാരണപോലെ ബസ് ചാർജ്ജ് കൊടുത്തു  "പോരാ.. 3രൂപകൂടിവേണം" കണ്ടക്ടർ
ബസ് ചാർജ്ജും കൂടിയിരിക്കുന്നു. ഒന്നുറപ്പിച്ചു വൈകീട്ട് വീട്ടിൽ എത്തിയാലുടൻ എന്തായാലും
കണ്ണാടി തല്ലിപ്പൊട്ടിക്കണം...

Tuesday, June 28, 2011

ബ്യൂട്ടി പാർലർ

നാട്ടിലെ ജന്മിയും വലിയ പ്രമാണിയുമായ കോലോത്തെ വാപ്പു ഹാജിയുടെ വീട്ടിൽ കല്യാണമാണ്. അവസാനത്തെ മകൻ ദുബായിക്കാരൻ ബഷീറിന്റെതാണ് കല്യാണം.  ദേശത്ത് ഒരു ഉൽസവ പ്രതീതി കല്യാണം പ്രമാണിച്ച് ഒരാഴ്ച് എല്ലാവർക്കും ഹാജ്യാരുടെ വീട്ടിലാണ് ഭക്ഷണം. വീടിന്റെ തൊട്ടുള്ള താഴത്തെ പള്ളിയാൽ മുഴുവനായും പന്തലാണ് ഹാജ്യാരുടെ തന്നെ നാട്ടിലുള്ള തെങ്ങിൻ തോട്ടത്തിലെ മുഴുവൻ ഓലകളും മുടഞ്ഞ് തടുക്കുകളാക്കി മാറ്റിയിരുന്നു .കുറച്ചായി
പണിക്കാർക്കും നാട്ടുകാർക്കും വിശ്രമിക്കാനും രാത്രിയിൽ കിടക്കാനും താൽക്കാലിക കുളിപ്പുരകൾക്ക് മറയാക്കാനും എല്ലാം തടുക്കുകൾ. രാത്രിയായാൽ പന്തലിനകത്തുള്ള സ്റ്റേജിൽ കലാപരിപാടികൾ. പാട്ട്, ഡാൻസ്,ഒപ്പന അങ്ങിനെ പലതും പാതിരാത്രി കഴിഞ്ഞ് പരിപാടികൾ കഴിയുമ്പോഴെക്കും പലരും ഉറക്കമായിരിക്കും പന്തലിൽ തടുക്കുകൾ വിരിച്ച് ജനം ആണും പെണ്ണും കുട്ടികുഞ്ഞനടക്കം സുഖമായുറങ്ങും.

നാട്ടിൽ ചെത്തുവഴിയിലെ ഏക ചായക്കടക്കാരൻ വേലുക്കുട്ടി ഒരുമാസമായി  ചായക്കട തുറക്കാറില്ല വേലുക്കുട്ടിക്കും ഭാര്യ സരോജിനിക്കും, അവരുടെ അനിയത്തിയും നാടിന്റെ രോമാഞ്ചവുമായ അമ്മിണിക്കും ഹാജിയാരുടെ പുരയിലാണ് ഡ്യൂട്ടി.  അടുക്കളയുടെ പിൻഭാഗത്തുള്ള ചായിപ്പിൽ വേലുക്കുട്ടി തന്റെ ചായക്കട പുനസൃഷ്ടിച്ചിരിക്കയാണെന്നു പറയാം പണിക്കാർക്കും വീട്ടുകാർക്കും വിരുന്നുകാർക്കും രാവിലെ മുതൽ വൈകുന്നേരം വരെ ചായ കൊടുക്കലവരുടെ ജോലിയാണ് . ചായക്കടയിലെ ഇരട്ടി ജോലി ഉണ്ടെന്നാണ് സരോജിനിയുടെ പക്ഷം എന്നാലും രാത്രി വേലുക്കുട്ടിയുടെ നാടൻ ചാരായം കുടിച്ചുവന്നുള്ള പരാക്രമവും സഹിക്കണ്ടല്ലോ..? പാതിരക്കു ശേഷം ചായിപ്പിൽ ഹാജിയാരുടെ വിസിറ്റ് ഉണ്ടാകാറുണ്ടെന്നു മറുപക്ഷം. കള്ള് കുടി ഹറാമായതിനാൽ വേലുക്കുട്ടി വൈകുന്നേരം രാത്രിക്കുള്ള ഭക്ഷണവും പൊതിഞ്ഞു യാത്രയാകും പിന്നെ അത്യാവശ്യം നാടനുമടിച്ച് രണ്ടു പാട്ടും പാടി ചായക്കടയുടെ മുമ്പിൽ ബഞ്ചിൽ കിടന്നുറങ്ങും. രാവിലെ കോഴികൂകുമ്പോഴെക്കും എണീറ്റ് അമ്പലക്കുളത്തിൽ ഒന്നു മുങ്ങി കുട്ടപ്പനായി ഹാജ്യാരുടെ ചായിപ്പിലെത്തും അപ്പഴെക്കും സരോജിനി എണീറ്റ് ശരീരത്തിലെ അഴുക്കെല്ലാം ഹാജ്യാരുടെ കുളത്തിൽ തന്നെ കഴുകിമുങ്ങി നെറ്റിയിൽ ഒരു കുറിയും തൊട്ട് സമാവറിൽ വെള്ളമൊഴിച്ച്, കരിയിട്ട് കത്തിച്ച്,  പുട്ടിന്റെ പൊടി നനച്ച്,  നാളികേരം ചിരവാൻ തുടങ്ങിയിരിക്കും.

അമ്മിണിയെ സന്ധ്യയായിക്കഴിഞ്ഞാൽ ഹാജ്ജ്യാരുടെ മൂത്ത പെങ്ങളും കോലോത്തെ പ്രധാനമന്ത്രിയുമായ റുക്ക്യാത്ത കസ്റ്റഡിയിൽ എടുക്കും പിന്നെ രാവിലെ മാത്രമെ റിലീസ് ആക്കൂ
പന്തലിൽ നടക്കുന്ന കലാപരിപാടികൾ പോലും ജനലിലൂടെ കാണാൻ മാത്രമേ കാണാൻ പറ്റൂ
ഒപ്പന ഉണ്ടെങ്കിൽ റുക്ക്യാത്ത പോകും അപ്പോൾ അമ്മിണിക്കും പോകാം  എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നതുകൊണ്ട് ഒരിക്കൽ ബിരിയാണിക്കാരൻ കോയാക്ക ചോദിച്ചു " ഇബൾ ങ്ങളെ മോളാ".....   "മോളായാലും കൊയപ്പല്യ ...   അല്ലെങ്കിൽ ചെലപ്പോ മര്യോളാക്കണ്ടേരും.......
ജ്ജ് അന്റെ പണി നോക്ക് ഇബിലീസെ".....  അതിൽ എല്ലാം അടങ്ങിയിരുന്നു.

കല്ല്യാണ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുന്നു. എല്ലാസ്ഥലത്തും മേൽനോട്ടവുമായി ഹാജ്യാർ എത്തുന്നുണ്ട് എങ്കിലും അദ്ദേഹം വലിയ വിഷമത്തിലാണ് മാസത്തിലൊരിക്കൽ കൃത്യമായി ക്രോപ്പ് ചെയ്തിരുന്ന താടിയും മുടിയും രണ്ടുമാസമായി വെട്ടിയിട്ടില്ല.!  ദേശത്തെ ഒസ്സാൻ ആലിയാമു പറ്റെ കിടപ്പിലായിട്ട് രണ്ടുമാസായി കാൻസറാത്രെ വെറുംകൊള്ളി പോലെ ആയിക്ക്ണ് പാവം, ബോധൊട്ടൂ പോയിട്ടുല്ല്യാ.....  മാസാമാസം കൃത്യായി പൊരേൽ വന്നു ഹാജിയാരുടെ മുടിയും താടിയും ചെത്തിമിനുക്കി  നാട്ടിലെ മുഴുവൻ വിവരങ്ങളും കൈമാറി രാത്രി ഭക്ഷണവും കഴിച്ച് വീട്ടിൽക്ക് റുക്ക്യാത്തടെ വക പാർസലും വാങ്ങി ബീഡിം കത്തിച്ചുള്ള ആപോക്ക് മറക്കാൻ പറ്റ്ണില്ല ഒരേപ്രായക്കാരാണ് രണ്ടാളും.

ചെറുപ്പത്തില് ഒരിക്കൽ രാത്രിഓത്തു കഴിഞ്ഞ് വരുമ്പോ കുട്ടിതോട്ടിൽ വീണ  നീന്തൽ അറിയാത്ത തന്നെ ഒപ്പം ചാടി പുല്ലാനിക്കടവിലെറ്റം ഒഴുകിയിട്ടും പിടിവിടാതെ നീന്തി  രക്ഷിച്ച ആലിയാമുവിനു ഹാജിയാർ എന്നും താങ്ങായിരുന്നു. ഒരു പെണ്ണുള്ളതിന്റെ  കല്യാണം പൊന്നും പണവും നൽകി നടത്തിയതു ഹാജ്യാരാണ് കുന്നത്ത പറമ്പിൽ ഒരേക്ര സ്ഥലം ആല്യാമൂന്  ഇഷ്ടദാനം കൊടുത്ത് അതിൽ ഒരു പൊരേം വച്ചു കൊടുത്തു . ഇന്ന് അവിടെ സെന്റിനു 1ലക്ഷത്തിനു മോളില് വെല പറയണ്ണ്ടത്രെ. ഇക്കണ്ട കാലായിട്ട് ഹാജ്യാർ പൊറത്ത്ന്നു താടീം മുടിം വെട്ടീട്ടില്ല. ബാർബർ ഷാപ്പില് ഇതുവരെ പോയിട്ടില്ല.   ആല്യാമൂന് കുറച്ച്കാലായി റോട്ടുമ്മല് ഒരു ബാർബർ ഷാപ്പുണ്ട്

വാപ്പ തീരെ കെടപ്പിലായപ്പോൾ കാലങ്ങളായി നാടുവിട്ടു പോയി മദ്രാസിലായിരുന്ന  മകൻ 
മുത്തുവും അവന്റെ ഭാര്യ ഒരു തമിഴത്തിയും കൂടിനാട്ടിൽ വരുകയും പൂട്ടിക്കിടന്ന ബാർബർ 
ഷാപ്പ് തുറക്കുകയും ചെയ്തു . പിന്നീട്  വേറൊരു തമിഴനെക്കൂടി പണിക്ക് വെച്ച് കട 
ചില്ലൊക്കെ ഇട്ട് ഉഷാറാക്കി "ബാഷ ജന്റ്സ് ബ്യൂട്ടി പാർലർ" എന്ന പേരിൽ  രണ്ട് ദിവസം 
മുമ്പ് ഉൽഘാടനം നടത്തി. കട ഹാജ്യാരുടേതാണ് എന്നിട്ടുപോലും ഹാജ്യാരെ 
ഉൽഘാടനത്തിനു വിളിച്ചില്ല...!!

കഴിഞ്ഞമാസം ആല്യാമു കിടപ്പിലായോണ്ട്  മുത്തൂനോട് ഒന്നു പോയി ഹാജ്യാരുടെ മുടി
വെട്ടാൻ പറഞ്ഞപ്പോൾ "കടയിൽ വന്നാൽ വെട്ടാം അല്ലതെ വീട്ടിൽ ചെന്നു മുടികളയ്ണ
കാലൊക്കെ കഴിഞ്ഞൂന്നാ" മുത്തു പറഞ്ഞത്  പോരാത്തേന് കടയിൽ എല്ലാരും കൂടി പറഞ്ഞു
ചിരിക്കും ചെയ്തൂത്രെ. അവടെ മുടീന്റെ കളറു മാറ്റലും ,കറുപ്പിക്കലും, ആളെ വെളുപ്പിക്കലും, മൊഞ്ചു കൂട്ടലും ഒക്കണ്ട്ന്നാണ് കോയാക്കാന്റെ  റിപ്പോർട്ട്.   ഇതൊക്കെയാണെങ്കിലും  മുത്തൂം  ഹാജ്യാരെ  മകൻ  ബഷീറും വല്യ ഫ്രൻസാണ്. രണ്ടുപേരും വലിയ സിനിമാ പ്രിയരുമാണ്. ഹാജ്യാരുടെ ഭാഷയിൽ പറഞ്ഞാൽ രണ്ടും കമ്മൂണിസ്റ്റാ..........

നാളത്തെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഒരു വിധം പൂർത്തിയായി. ഹാജ്യാർ തന്നെ എല്ലായിടത്തും എത്തുന്നുണ്ട്. ദൂരദിക്കിലുള്ള വീട്ടുകാരും ബഷീറിന്റെ ദുബായിക്കാരായ ചങ്ങായിമാരും എത്തിക്കഴിഞ്ഞു. വൈകുന്നേരമായതോടെ വീട്ടിൽ നിറയെ ആളുകൾ പന്തലിൽ കലാപരിപാടികൾ തുടങ്ങിക്കഴിഞ്ഞു പാട്ടും ഒപ്പനയുമെല്ലാം തകർക്കുന്നു നിറയെ കാഴ്ച്ക്കാരുമുണ്ട്. ബഷീറും ചങ്ങായിമാരും കൂടി പുറത്തുപോയി പുതിയാപ്ലയെ ഒന്നു മിനുക്കിയെടുക്കാൻ പോയതാണ്.  അവർ തിരിച്ചു വന്നപ്പോൾ ബഷീർ ഒന്നു ചൊങ്കനായിട്ടുണ്ട് മുഖമൊന്നു തുടുത്തിരിക്കുന്നു ആരുകണ്ടാലും ഒന്നു നോക്കിപ്പോകും  "എല്ലാവരും ചോറു വെയിച്ച് കെടക്കാൻ നോക്കി നാളെ പുത്യാപ്ല പോകാള്ളതാ"... ഹാജ്യാരുടെ ആജ്ഞ.  പന്തലിൽ കലാപരിപാടികൾ  പാതിരയായപ്പോഴും തുടരുന്നതു നിർത്തി എല്ലാവരോടും കിടന്നുറങ്ങാനും ഹാജ്യാർ നിർദ്ദേശിച്ചുവെങ്കിലും അത് നടപ്പായില്ല.  കോയാക്ക ബിരിയാണിക്കുള്ള ഇറച്ചിവെട്ടി വൃത്തിയാക്കാൻ തുടങ്ങി. അപ്പഴാണ് ബഷീറിന്റെ ഒരു  ചെങ്ങായി വന്ന് ഹാജ്യാരെ വീട്ടിനകത്തെക്ക് വിളിച്ചോണ്ട് പോയതും. കുറച്ചുകഴിഞ്ഞതും രണ്ടുകാറുകൾ പുറത്തുപോകുന്നതും   കണ്ടു.

ഹാജ്യാർ തിരിച്ചു വരാത്തതുകണ്ട് വീട്ടിൽ ചെന്ന കോയാക്ക കണ്ടത് പൂമുഖത്ത് ചാരുകസേരയിൽ തളർന്നിരിക്കുന്ന ഹാജ്യാരെയാണ്  "ബഷീറിന് സുഖല്യായ്ങ്ങാണ്ട് ആസ്പത്രീകൊണ്ടൊയീ. ന്റെ കുട്ടിക്കെന്താപറ്റീന്നാവോ പടച്ചോനേ".... "ഒന്നും ബരൂലാന്നും. ങ്ങള് ധൈര്യായിട്ടിരിക്കി ഓന് ന്നലെ തിന്നത് ദഹ്ച്ചിട്ട്ണ്ടാവൂലാ.... അതേയ്‌ക്കാരം".. കോയാക്ക.  "അന്റെ വെപ്പിലെന്തെങ്കിലും താറാറ് പറ്റിയോ ന്റെ കോയേ... ബിര്യാണി വെക്കുമ്പം നല്ലോം നോക്കിക്കാളാ"... "ഹാജ്യാരെ ങ്ങക്കെന്തിന്റെ കേടാ... കോയ പ്പണി തൊടങ്ങീട്ട് കൊല്ലം കൊറെ ആയിക്ക്ണ്.... ന്ന് വരെ ആരെക്കൊണ്ടും ഒന്നും പറേപ്പിച്ചിട്ടില്ല. ബടെ ഓനല്ലാതെ തിന്നോർക്ക് വേറാർക്കും ഒന്നും പറ്റീല്ലാലോ...  രണ്ടു ക്വിന്റൽ അരി ഞാൻ വച്ച്ട്ട് ഒരു വറ്റ് ബാക്കിണ്ടോ"..  "ജ്ജും ന്നെ എടങ്ങറാക്കല്ലേ കോയേ... ഞാൻ അന്നെ കുറ്റം പറഞ്ഞതല്ല. ജ്ജേതായാലും രാവ്‌ലെക്ക്‌ള്ള പരിപാടി നോക്കിക്കോ...  എല്ലാം ഉസാറാവണം ബഷീർന്റെ കാര്യം ജ്ജ് ആരോടും പ്പൊ മുണ്ടണ്ടാ"..  കുറച്ചു കഴിഞ്ഞപ്പഴക്കും   ബഷീറിന്റെ  ചങ്ങായി വന്നു നേഴ്സിഗ് ഹോമിന്ന് "ബഷീറിനു കുഴപ്പോന്നൂല്ലാ.. ഒരിജക്ഷൻ കൊട്ത്തു രാവിലെ പോരാ".. ഹാജ്യാർക്ക് സമാധാനായി

രാവിലെയായി കല്ല്യാണത്തിനു നാട്ടുക്കാരും വീട്ടുകാരും വന്നുതുടങ്ങി  എല്ലാവരും പുത്യാപ്ലെനെ അന്വേഷിക്കുന്നു. പലരും അവിടെയും  ഇവിടെയും കൂട്ടം കൂടിനിന്നു ചർച്ച ചെയ്യാൻ തുടങ്ങി. വീട്ടിനകത്തും ഗൗരവമായ ചർച്ചകൾ നടക്കുന്നു. ബഷീറിനെ ഡിസ്ച്ചാർജ് ചെയ്യാൻ പറ്റിയ സ്ഥിതിയല്ലാന്ന് . കാരണമ്മാരെല്ലാം കൂടി പെണ്ണിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് ചടങ്ങുകൾ
മാറ്റി വക്കാതെ നടത്താനും അതിന്റെ ഭാഗമായി പെൺകുട്ടിയുടെ ബാപ്പയും  മഹൽ ഖാസിയും കൂടി നേഴ്സിഗ് ഹോമിൽ പോയി അവിടെ വച്ച് നിക്കാഹ് നടത്താനും തീരുമാനിക്കുകയും നടത്തുകയും ചെയ്തു. ആരെയും നേഴ്സിഗ് ഹോമിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ പലരുമായും ബഷീർ ഫൊണിൽ സംസാരിച്ചിരുന്നു എന്താണു പറ്റിയതെന്ന് ആർക്കും ഒരുപിടിയുമില്ല.

നിക്കാഹ് കഴിഞ്ഞു എന്ന വിവരം കിട്ടിയതോടെ ഹാജ്യാർ ഒരു പ്രക്യാപനം നടത്തി "ഒരുചടങ്ങു കൂടി ഉണ്ട് അതുകഴിഞ്ഞേ എല്ലാവരും പോകാവൂ"....  വീണ്ടും സസ്പെൻസ് ഹാജ്യാർ വസ്ത്രം മാറ്റി പുറത്തിറങ്ങി മൂപ്പരെ പത്തിരുപതു പണിക്കാരും വണ്ടികളും നിരന്നു. ബഷീറിന്റെ അടുത്ത കുറച്ചു ചെങ്ങായി മാരെയും കൂട്ടി അര മണിക്കൂറിനകം തിരിച്ചു വരാം എന്നു പറഞ്ഞു വണ്ടികൾ പുറപ്പെട്ടു.
ജനം ആസ്പത്രിയിൽ നിന്ന് ബഷീറിനെ കൊണ്ടുവരുന്നതും കാത്ത്  ഉഷാറായി ബിരിയാണി തട്ടാൻ തുടങ്ങി. ബഷീറിന്റെ കാലൊടിഞ്ഞു, കയ്യൊടിഞ്ഞു, അല്ല തണ്ടെൽ ഉളുക്കി, അറ്റാക്കാണ്, പ്രസർകൂടി, അതൊന്ന്വല്ല.ഓൻ പേടിച്ചതാണെന്ന് ഒരുകൂട്ടർ എന്തായാലും ചർച്ചകൾ മുറുകുന്നതിനനുസരിച്ച് ബിരിയാണി ചെമ്പുകൾ കാലിയാകാൻ തുടങ്ങി.

ഓ... ഹൊയ്   ഓ..... ഹൊയ്   ഓ....ഹൊയ്  എല്ലാവരും നോക്കി ഒരു ജാഥ വരുന്നു. കസേരയിൽ ഒരുത്തനെ മുഖത്തെല്ലാം കുമ്മായം പൂശി ഇരുത്തിക്കൊണ്ട് കസേര രണ്ടു മുളകളിൽ വച്ചുകെട്ടി ഏറ്റിക്കൊണ്ടാണു വരവ്.  പടച്ചോനെ.. കല്യാണ സൊറ..... ഹ..ഹ.. ഹാ...... ഇത്രക്കൊക്കെ ആയോ  ജനം അത്ഭുതം കൂറി.  ഇത് ബഷീറാണൊ..? ഓൻ ത്ര നീട്ടല്യല്ലോ... മുഖം  ശരിക്കും കാണാൻ പറ്റാത്തോണ്ട് പലർക്കും സംശയം. പോയ വണ്ടികൾ എല്ലാം പിന്നാലെ വരുന്നുണ്ട്.

കല്ല്യാണപ്പന്തലിന്റെ മുമ്പിൽ പണിക്കാർ പല്ലക്ക് താഴത്തിറക്കി ഹാജ്യാരും പരിവാരങ്ങളും നിരന്നു.
നാട്ടുകാർ അമ്പരപ്പോടെ ചുറ്റും. "കള്ള ഹിമാറെ ജ്ജെന്നാ ബൂട്ടീസ്യനായത്..... അന്റൊരു ഫേസ്യൽ   അന്നെ ഞാൻ ശരിയാക്കിത്തരാടാ #%&*@*%$#" ഹാജ്യാർ തന്റെ ബൽറ്റൂരി.  അടി പൊട്ട്ണെന്റെ മുന്നെ കോയാക്ക ചാടി വീണു ഹാജ്യാരെ തടഞ്ഞു എഴുന്നള്ളിച്ചു കൊണ്ടുവന്ന രൂപത്തിനെ സൂക്ഷിച്ചു നോക്കി പ്രക്യാപിച്ചു. ത് ഞമ്മളെ ഒസ്സാൻ പാണ്ടി മുത്തു അല്ലേ...... അയിച്ച് വിടടാ ആ ഹമുക്കിനെ കസാലയിൽനിന്നും കെട്ടഴിച്ച മുത്തു നേരെ ഹാജ്യാരുടെ കാൽക്കൽ വീണു.നിലവിളിച്ചു "ഹാജ്യാരാക്കാ രക്ഷിക്കണേ... ഞാൻ ബ്യൂട്ടീസ്യനല്ല.. ഒസ്സാനാണേ...ന്നോട് മാപ്പാക്കണം നാട്ടിൽ എല്ലാരുടെ പെരേലും ചെന്നു ഞാൻ മുടി വെട്ടിക്കോളാമേ".... ഉടൻ തന്നെ  ഹാജ്യാരുടെ രണ്ടു മാസമായ താടീം മുടീം മുത്തു വെട്ടി വെടുപ്പാക്കാനുള്ള ഏർപ്പാടു തുടങ്ങി.

കഥയറിയാതെ ആട്ടം കാണുന്ന നാട്ടുകാർക്ക് അപ്പൊഴാണു ബഷീറിന്റെ ദുബായ്ക്കാരൻ ചെങ്ങായി ഇന്നലെ വൈകുന്നേരം മുത്തുന്റെ ബ്യൂട്ടി പാർലറിൽ ബഷീർ മുടിവെട്ടാൻ പോയതും അവിടെ വച്ച് മുത്തു ബഷീറിന്റെ ഗ്ലാമർ കൂട്ടാനായി ഫേഷ്യലും മറ്റെന്തൊക്കയോ പരിപാടികളും ചെയ്ത വിവരവും പിന്നീട് സംഭവിച്ച കാര്യങ്ങളും പറഞ്ഞത്. മുടി വെട്ടാൻ മാത്രമറിയുന്ന മുത്തു മദ്രാസിന്ന് ഇതെല്ലാം കണ്ടിരുന്നു. അവിടെന്നു വരുമ്പോൾ കൊണ്ടുവന്ന പല സാധനങ്ങളുമുപയോഗിച്ച്  സുഹൃത്തായ ബഷീറിന്റെ മുഖത്ത് പരീക്ഷണം നടത്തിയത് പാളിപ്പോയി ബഷീറിന്റെ മുഖമെല്ലാം പൊള്ളി കുമിളിച്ചതിനാലാണ്  ആസ്പ്ത്രിയിൽ അഡ്മിറ്റാക്കിയതും അവിടെ വച്ച് ചടങ്ങു നടത്തേണ്ടി
വന്നതും. എന്തായാലും നാട്ടിലെ ഒരേഒരു ബ്യൂട്ടിപാർലർ ഇതോടെ പ്രവർത്തനം നിലച്ച്
വീണ്ടും ബാർബർ ഷാപ്പായി മാറി. മുത്തു ആവശ്യക്കാർക്ക് വീട്ടിൽ ചെന്ന്  മുടികളച്ചിലും
നടത്തുന്നു.മൂന്നു ദിവസം ആസ്പത്രീൽ കെടക്കണ്ടി വന്നിട്ടും, കല്യാണം അലമ്പായിട്ടും,
മുഖത്ത് ചില്ലറ അടയാളങ്ങൾ വീണെങ്കിലും ബഷീറും  മുത്തുവും ഇപ്പോഴും സുഹൃത്തുക്കളായി
തന്നെ തുടരുന്നു......

 ഹാജ്യാരെ ഭാഷയിൽ കമ്മൂണിസ്റ്റായി.......



Friday, May 20, 2011

മൂന്ന് അമ്മമാർ ഭാഗം 1.

ഇത് മൂന്ന് അമ്മമാരുടെ കഥയാണ് സംഭവ കഥകളാകാം............



ഭാഗം ഒന്നു്....

ഭാർഗ്ഗവിയമ്മ ഹോമിയോ ഡോക്ടർ  ഭർത്താവ് ആർ.കെ.നായർ (രാമകൃഷ്ണൻ നായർ) എക്സ് പട്ടാളം ഇപ്പൊൾ സെക്യൂരിറ്റി പണി . ഉണ്ടായിരുന്ന നല്ലൊരു ബിസ്സിനസ് കള്ളുകുടി ഒന്നു കൊണ്ട് മാത്രം നശിപ്പിച്ചു ഉണ്ടായിരുന്ന വീടും വിറ്റു കുടിച്ചു വാടക വീട്ടിൽ താമസം. ഒറ്റ മകൻ നന്നായി പഠിക്കുന്ന കുട്ടി  ശാന്തപ്രകൃതം  പാവം പയ്യൻ. കഷ്ടപ്പെട്ട് പഠിച്ച് ഉന്നത നിലയിൽ ജോലി കിട്ടിയപ്പോൾ
ഭാർഗ്ഗവിയമ്മക്ക്  ആശ്വാസം,  ചുരുങ്ങിയ പ്രാക്ടീസ് കൊണ്ട് കിട്ടുന്ന വരുമാനം വീട്ടിലെ  ചിലവിനുപോലും പലപ്പൊഴും തികയില്ലായിരുന്നു.നായർ സാബ് കിട്ടുന്ന ക്വാട്ടക്കുപുറമെ പെൻഷനും, ശമ്പളവും മൊത്തം കുടിച്ചു തീർക്കും.

വിദേശ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന  മകൻ അഛൻ വിറ്റ വീടിനടുത്തു തന്നെ സ്ഥലം വാങ്ങി ഒരു  നല്ലൊരു വീട് പണിതു അതിലെക്ക് താമസം മാറി. വാടക വീടൊഴിഞ്ഞു അപ്പോഴും  ഭാർഗവിഅമ്മ തന്റെ ചുരുങ്ങിയ പ്രാക്ടീസും, നായർ തന്റെ കുടിയുമായും  മുന്നോട്ട്.
മകൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും. മകന് വിവാഹാലോചനകൾ വന്നു തുടങ്ങി . വിവാഹംകഴിഞ്ഞു  പെൺകുട്ടി കോളേജ് ലക്ചറർ നാട്ടിൽ തന്നെ ജോലി,
ഭാർഗ്ഗവിഅമ്മ തന്റെ വാതം, പ്രഷർ,ഷുഗർ ഇത്യാദി കൂട്ടുകാരുമായി സന്തോഷത്തോടെ  അടുത്തുള്ളവരുടെ എല്ലാം ഡോക്ടറേച്ചിയായി തന്നെ മുന്നോട്ട്....

വലിയ തറവാട്ടുകാരിയും, ജോലിക്കാരിയും, കുറച്ചു ജാടക്കാരിയുമായ മരുമകൾക്ക് അമ്മായിഅമ്മ ഒരൽഭുതമായി. പെറ്റമ്മയേക്കാൾ തന്നെ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾ തിരിച്ചും സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. നാട്ടുകാർക്കെല്ലാം ഇവരുടെ ബന്ധം ഒരു അൽഭുതമായി  അമ്മയും മകളുമോ, അതോ ചേച്ചിയും അനിയത്തിയുമോ...എല്ലാവരും അസൂയയോടെ മാത്രം നോക്കിക്കാണുന്ന ഒരു ബന്ധത്തിലേക്ക് വളർന്നു അവർ. മകൻ നാട്ടിൽ വന്നാൽ പിന്നെ ഭാർഗ്ഗവി അമ്മ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല!. മകനും മരുമകളും അവരുടെ ലോകത്ത് .  കട്ടുറുമ്പ് പോയിട്ട്  ഒരു മൺതരി പോലും ആകാൻ അവരില്ല.

മരുമകളുടെ പ്രസവം ഭാർഗ്ഗവിഅമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ വച്ചു തന്നെ. എല്ലാം വളരെ ഭംഗിയായി നടക്കുന്നു  4 മാസം ഭാർഗ്ഗവിയമ്മയുടെ ഡിസ്പെൻസറി (ടൗണിൽ ഒരുചെറിയ മുറി) അടച്ചിടുന്നു . വീട്ടിൽ വരുന്ന അത്യാവശ്യക്കാർക്ക് ഇക്കാലത്ത് പരിശോധനയും പഞ്ചാര ഗുളികകളും FREE........, എന്തായാലും അവരുടെ ശരീരം ഇപ്പോൾ പകുതിയായി. വീട്ടിലെ തിരക്കുകളും അസുഖങ്ങളൂം കാരണം,പക്ഷേ മുഖത്തെ ചൈതന്യം ഇരട്ടിയായിട്ടുണ്ട്.  അപ്പോൾ അവർ ഉച്ചക്കുശേഷം ടൗണിൽ പരിശോധന നടത്തുമായിരുന്നു. രണ്ടു മാസം കൂടി   കഴിഞ്ഞപ്പൊൾ മരുമകൾക്ക് ജോലിക്ക്  പോകാൻ വേണ്ടി അവർ പകൽസമയം മുഴുവനും കുട്ടിയെ നോക്കുകയും മരുമകൾ കോളേജിൽനിന്നു വന്നതിനു ശേഷം വൈകുന്നേരം 5മണി മുതൽ 7.30 വരെ ടൗണിൽ രോഗികളെ പരിശോധിക്കുകയും ചെയ്യുന്നു.എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിനു എന്റെ കുട്ടികൾക്ക് ഞാനല്ലാതെ പിന്നെ ആരാ.. എന്നും, എന്റെ രോഗികളെല്ലാം  പാവങ്ങളാണെന്നുമാണ്  അവരുടെ ന്യായീകരണം.

വീട്ടിലെ എല്ലാ കാര്യങ്ങളും ,ജോലികളും അവർ തന്നെ നോക്കുന്നു ഒരു പാർട്ടൈം ജോലിക്കാരിയുമുണ്ട്.  മുൻപ് വീട്ടിൽ ദിവസവും ഭക്ഷണത്തിനു നോൺ ഉണ്ടായിരുന്നിടത്ത് (തലശ്ശേരിക്കാരിയായ ഡോക്ടർക്ക് ചോറ് ഇറങ്ങണമെങ്കിൽ ഉണക്കമീനെങ്കിലും വേണം)  ഇന്ന് അധികവും വെജ് കാരണം മരുമകൾക്ക് ഇഷ്ടം പച്ചക്കറി. 29 വർഷമായി മീൻ കച്ചവടം നടത്തുന്ന മായിൻ മാപ്ലേടെ ഭാഷ്യം "ലാക്കട്ടറമ്മേടെ മര്യോളു മ്മക്ക് പാര" .

മകൻ വീട്ടിൽ വന്നാൽ പിന്നെ  ഡോക്ടറാകും കുട്ടിയുടെ അമ്മ കുഞ്ഞുമോനും അഛമ്മ മതി എന്തിനും ഏതിനും.  മകനും ഭാര്യക്കും കൂടി അത്യാവശ്യം കറക്കം,സിനിമ,യാത്ര എല്ലാം നടത്താം.. അവർ സന്തോഷായി ജീവിക്കട്ടെ..! ഇതായിരുന്നു ഭാർഗ്ഗവി അമ്മയുടെ നിലപാട്.

ഒരിക്കൽ വീട്ടിൽ വിരുന്ന് വന്ന മരുമകളുടെ അമ്മ മകളുടെ സൗഭാഗ്യങ്ങൾ കണ്ടും,  കേട്ടും
നിങ്ങളൊരു പുണ്യജന്മം.!  "എന്റെ കുട്ടീടെ മുജ്ജ്ന്മ സുകൃതം" എന്നും പറഞ്ഞ്  ഭാർഗ്ഗവി അമ്മയുടെ കാലു തൊട്ടു വന്ദിച്ചു പോലും....!,  വലിയ പ്രതാപിയായ ആയമ്മക്ക് പോലും സ്വന്തം മകളെ ഇങ്ങനെ നോക്കാൻ കഴിഞ്ഞിട്ടില്ലാന്ന് പരസ്യമായി പറഞ്ഞും കൊണ്ട് ..!
  
നല്ല കാലത്തും ഭർത്താവിന്റെ മദ്യപാനം മൂലം ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയാതെ വളരെ പ്രയാസപ്പെട്ട്   മകനെ വളർത്തി വലുതാക്കി ഇന്ന് എല്ലാ സൗകര്യങ്ങളും ലഭ്യമായപ്പോൾ മകനും ഭാര്യക്കും കുട്ടിക്കും വേണ്ടി ജീവിക്കുന്നവൾ.  " ഇത് ഒരു അമ്മ"


അടുത്ത  അമ്മയെപ്പറ്റി രണ്ടാം ഭാഗം ഉടൻ...... 

Friday, April 29, 2011

ബാലേട്ടൻ

ബാലേട്ടൻ ഉമ്മറത്തെ കൊലായിൽ താടിക്കു കയ്യും കൊടുത്ത്‌ കുന്തിച്ചിരുന്നു. നിങ്ങളെന്താ മൊച്ച ചത്ത കൊറോനെപോലെ ഇരിക്കുന്നേ, എനിക്കെന്റെ ചെക്കന്റെ ശബ്ദം കേക്കണം അതിനുള്ള വഴി എന്തച്ചാൽ ണ്ടാക്കാ.. അകത്തുനിന്നും ഭാര്യയുടെ അശരീരി അവളെ കുറ്റം പറയാൻ വയ്യ ഈ കുന്നിന്റെടേല്  B S N L അല്ലാതെ ഒരു കുന്തൊം കിട്ടില്ല പത്തു വർഷായി നിധി പോലെ അവൾ എന്തു പ്രയാസമുണ്ടായാലും  കട്ടാവാതെ,  കാത്തുസൂക്ഷിച്ചിരുന്ന കണക്ഷനാണ്‌ ഇപ്പൊൾ തന്റെ കുറ്റം കൊണ്ട്‌  ഇല്ലാതായിരിക്കുന്നത്‌ .


എനിക്ക്‌ എന്റെ പഴയ നമ്പർ തന്നെ വേണം എന്റെ വീട്ടുകാരുടേയും ബന്ധുക്കളും വല്ലപ്പൊളും ഒന്നു വിളിച്ചിരുന്നത്‌ അതിലേക്കാ.... നിങ്ങൾക്ക്‌  ഇതൊന്നും അറിയണ്ടാലോ.. രാവിലെ ആയാൽ നാടു തെണ്ടാൻ ഇറങ്ങിയാൽ മതീലോ....


ഞാൻ ഈ ഭൂമീല്‌ ജീവിച്ചിരിക്കുന്നുന്നുള്ളത്‌ എന്റെ കൂട്ടക്കാർ അറിഞ്ഞിരുന്നതും അതുണ്ടായതോണ്ടാ.. അല്ലെങ്കിൽ  ഞാനെന്റെ വീട്ടിൽ പോകും ഈ കാട്ടുമുക്കിലെ പോലല്ലാ... അവിടെ..

ഇവിടെ ഒരാളോട്‌ ഒരു ലാന്റ്‌ ഫോൺ വെക്കാൻ പറയാൻ തുടങ്ങീട്ട്‌ കൊല്ലം പത്തായി, വല്ലകൂട്ടോണ്ടൊ, ബടള്ളതോ.. ജാംബവാന്റെ കാലത്തെ ഒരു പൊട്ട മൊബൈലും അതെന്നെ എന്റെ അനിയത്തി തന്നതോണ്ട്‌ ണ്ടായതല്ലേ... അതില്‌ ഒരു കാർഡ്‌ ഇടാൻ കൂടി ങ്ങക്ക്‌ പറ്റീലല്ലോ... അതും ഞാൻ ന്റെ വീട്ടിൽ പോയി എരന്നു വാങ്ങീതല്ലെ?..  ന്ന്ട്ട്‌ പ്പോ അതും നശിപ്പിച്ചിട്ടു വന്നിരിക്കുണു.  അത്വായിട്ട്‌ ഇനി ഇങ്ങട്ട്‌ വന്നാമ്മതി. അല്ലതെ ഒരുതുള്ളി പച്ചവെള്ളം ന്റെ കയ്യൊണ്ട്‌ കിട്ടുന്ന്‌ ങ്ങള്‌ കരുതണ്ട......
ന്തായിരുന്നു ങ്ങളെ വൽപത്തരം, പ്പ മനസ്സിലായീല്യേ...
     
ഒരു മാസം‌ മുൻപ്  രാവിലെ വീട്ടിൽ കാപ്പികുടീം കഴിഞ്ഞു ചൊറീം കുത്തി ഇരിക്കുമ്പഴാണ്‌ വേണു മാഷ്‌ വിളിക്കുന്നത്‌. മാഷക്ക്‌ ഒരു കാറു വാങ്ങണം ഏതു കാറാ ബാലേട്ടാ നന്നാവ്വാ... എന്നും ചോദിച്ച്‌... സത്യം പറയാലോ നിലത്തുനിന്നും ഒരു രണ്ടടി ഉയർന്നു ഞാൻ,  നാട്ടിലെ പ്രമുഖ കുടുംബാഗവും എല്ലവർക്കും പ്രിയനുമായ വേണു മാഷ്‌ എന്നൊട്‌ അഭിപ്രായം ചോദിച്ചപ്പോൾ എന്റെ ഉള്ളിലുള്ള അഹങ്കാരം പുറത്തുവന്നു  മാഷെ ഞാൻ രണ്ടീസം കഴിഞ്ഞു പറയാം, ലേശം തിരക്ക്ണ്ട്‌..അതോണ്ടാ.. അതൊപ്പം ഒരു മറുചോദ്യവും ഫിറ്റുചെയ്തു മാഷെ  ബഡ്ജറ്റ്‌ എത്രയാ..., പുതിയതു വേണോ, അതോ പഴയതൊ?,ഡീസലോ പെട്രോളോ, ഒട്ടും കുറയാൻ പാടില്ലല്ലോ...

 എന്തായാലും മൂന്നാം ദിവസം  രാവിലെ തന്നെ പറമ്പിന്റെ മൂലക്കുള്ള പഞ്ചായത്തു വഴിയിൽ ഒരു പുതിയ കാറു വന്നു നിൽക്കുന്നു വേലിക്കലേക്ക്‌ എത്തിനോക്കിയപ്പോൾ ചിരിച്ചും കൊണ്ട്‌ വേണു മാഷുടെ ബന്ധുവായ പയ്യൻ കയറിവന്നു പറഞ്ഞു വേണ്വേട്ടൻ ഒരു കാറിന്റെ കാര്യം പറഞ്ഞിരുന്നു ഒന്ന്‌ അത്രടം വരെ ചെല്ലാൻ പറ്റ്വോന്ന്‌ ചോദിച്ചു. മാഷക്കൊരു പുതിയ കാറു വാങ്ങാനാന്നു തോന്നണു. ബാലെട്ടൻ ണ്ടായാലെ കാര്യങ്ങൾ വെടുപ്പാവൂന്നു പറയണു കേട്ടു.
ഞാനും ഒട്ടും കുറഞ്ഞില്ല അല്ലെങ്കിലും അവർക്കൊക്കെ എന്തിനും ബാലേട്ടൻ വേണം..
എനിക്ക്‌ അത്യാവശ്യം ഒരു സ്ഥലം വരെ പോകാൻണ്ടായിരുന്നു.
ഏതായാലും നീവന്നതല്ലേ ഞാൻ വരാം  കയറി ഇരി,  ഒന്നു ഡ്രസ്സ്‌  മാറ്റട്ടെ........

വസ്ത്രം മാറ്റി പുറത്തേക്ക്‌ ഇറങ്ങാൻ തുടങ്ങിയപ്പൊൾ പിന്നിൽനിന്നു ഭാര്യ,.. ഉച്ചക്ക്‌ ഉണ്ണാൻ വരുവോ.. ഞാൻ വെറുതെ ഭക്ഷണം ഉണ്ടാക്കണ്ടല്ലോ..... ഉണ്ടായിരുന്ന സർവ്വ മാനവും പോയി. ഭാര്യയെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ട്‌ പുറത്തേക്കിറങ്ങി.. ഭാര്യ പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും.
പയ്യന്റെ ചേട്ടൻ പേർഷ്യേന്നു വന്നു കല്ല്യാണം കഴിച്ചപ്പോൾ പുതിയതായി വങ്ങിയതാണ്‌ ഈ കാർ അതിന്റെ അകത്തു കയറിയാൽ ഇറങ്ങാൻ തോന്നില്ല.! എത്രയാ വലിപ്പം എന്തൊക്കെയാ സൗകര്യങ്ങൾ....ഈകാറു ഡെലിവറി എടുക്കാൻ പോകുമ്പോൾ ഞാനും പോയിരുന്നു അന്നാണു ആദ്യമായി ഇത്രയും നല്ല ഒരു കാറിൽ  കയറുന്നത്‌ ...

ബാലേട്ടാ.... ഇറങ്ങല്ലേ...

പയ്യൻ ചോദിച്ചപ്പൊളാണ്‌ മാഷെ വീട്ടിൽ എത്തിയതറിഞ്ഞത്‌..
പുത്തൻ ഇരുനില വീടിന്റെ വരാന്തയിൽതന്നെ നിൽക്കുന്നു  പുഞ്ചിരിച്ചുകൊണ്ട്‌ മാസ്റ്റർ എന്താ ബാലേട്ടൻ ഈ വഴി ഒക്കെ മറന്നൂല്ലേ....? അകത്തേക്കു വരൂ..... ചായ കുടിക്കാം.. മുൻ‌വാതുക്കൽ നിന്നുകൊണ്ട്‌  ലീലടീച്ചർ, വേണു മാഷിന്റെ ഭാര്യ.

ഹാവൂ....  സമാധാനായി ഇന്നലെ  ഭാര്യ പറഞ്ഞേൽപിച്ച പലഹാരപ്പൊടി കൊണ്ടുചെല്ലാതെ  രാത്രി വീട്ടിൽ   ചെന്നപ്പൊൾ  തന്നെ പറഞ്ഞിരുന്നു നാളെ രാവിലെ വായുഭക്ഷണം കഴിച്ചോളാൻ,   നേരെ ഡൈനിഗ്‌ ടേബിളിലേക്ക്‌ പുതിയ കാറുവാങ്ങുന്നതിനെക്കുറിച്ച്‌ ഗൗരവമായ ചർച്ച എന്റെ മുഴുവൻ പരിജ്ഞാനവും വിളമ്പി.. ഭക്ഷണം കഴിഞ്ഞ്‌ കൈ കഴുകി ഉമ്മറത്തേക്കു നടക്കുമ്പൊൾ ടീപ്പോയിമേൽ കിടക്കുന്നു പ്രശസ്ത ഓട്ടോമാറ്റീവ്‌ മാസികകൾ....!!

ഉടനെത്തന്നെ മാഷും, ടീച്ചറും ,മോനും കൂടി കാറു നോക്കാനായി ഇറങ്ങി മാഷുടെ ബന്ധുവിന്റെ കാർ എനിക്ക്‌ ഓടിച്ചു നോക്കുവാനും തന്നു പഴയ,അംബാസ്സഡർ, ഫിയ്യറ്റ്‌, ജീപ്പ് എന്നിവ മാത്രം ജീവിതത്തിൽ ഓടിച്ചിട്ടുള്ള എനിക്ക്‌ എന്നെക്കുറിച്ചു തന്നെ ഒരഭിമാനമൊക്കെ തോന്നി അപ്പോൾ ഷോറൂമുകളിൽ ചെല്ലുമ്പൊൾ കാർ മാഷക്കാണെന്ന്‌ പറയണ്ട.ബാലേട്ടനാണെന്ന്‌ പറഞ്ഞാൽ മതി എന്നാദ്യം തന്നെ മാഷും ടീച്ചറും പറഞ്ഞിരുന്നു അതനുസരിച്ച്‌  ഞാൻ ഇവരുടെ എല്ലാം കാരണവരായി ശരിക്കും അഭിനയിച്ചു.

മാരുതി, ഹുണ്ടായി,ട്ടയോട്ട,ഷവർലെ,മഹീന്ദ്ര തുടങ്ങിയ എല്ലാ കമ്പനികളുടെയും ഷോറൂമുകളിൽ പോകുകയും അവരുടെയെല്ലാം വണ്ടികളിൽ ടെസ്റ്റ്‌ ഡ്രൈവ്‌ നടത്തുകയും ചെയ്തു എല്ലാസ്ഥലങ്ങളിലും എന്നെ സർ, സർ, എന്നുവിളിച്ചുകൊണ്ട്‌ സുന്ദരികളായ സെയിൽസ്‌ ഗേൾസ്‌ ചുറ്റും വട്ടമിട്ടു നടക്കുകയും ഓരോരോ വണ്ടികളുടേയും പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്തപ്പോൾ ഞാൻ വേറൊരു ലോകത്താണെന്നു തോന്നിപ്പോയി....!!!.

ഒരു സ്ഥലത്ത്‌ മാഷ്‌ പഠിപ്പിച്ച ഒരു സുന്ദരി സെയിൽസ്‌ ഗേളിനു എന്നെ മാഷുടെ ചേട്ടനാണെന്നു പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാവരും അവരുടെ വിസിറ്റിഗ്‌ കാർഡ്‌ എനിക്കു നൽകുകയും വണ്ടി വാങ്ങാൻ വരുമ്പൊൾ അവരെ തന്നെ വിളിക്കണമെന്നു് ഓർമിപ്പിക്കുകയും എന്റെ നമ്പർ വാങ്ങിക്കുകയും ചെയ്തു. ഒരു വല്ലാത്ത ഹരത്തിലായ ഞാൻ ടൗണിൽ തന്നെ ബാക്കിയുള്ള ഏറ്റവും വലിയ കാർ ഷോർറൂമിലേക്ക്‌ പോകാൻ തുനിഞ്ഞപ്പൊൾ ടീച്ചർ..    ഇനി തിരിച്ചുപോകാം നമുക്ക്‌ ഇപ്പോൾ എല്ലാത്തിന്റെയും വിലയും വിവരങ്ങളും കിട്ടിയില്ലേ... പോരാത്തതിന്‌ അവിടെ എന്റെ ഒരു ബന്ധു ജോലി ചെയ്യുന്നുമുണ്ട്‌  ഉടൻ ഞാനും ടീച്ചറെ പിൻതാങ്ങി.   മാഷെ ഇത്രയും പോരേ....  ധാരാളം  മാഷുടെ മറുപടി സന്ധ്യയായപ്പൊഴെക്കും ഞങ്ങൾ തിരിച്ചെത്തി.
എന്നെ കാറിൽ തന്നെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. വെറും കൈയ്യോടെ മൂളിപ്പാട്ടും പാടിവന്ന എന്നെക്കണ്ട ഭാര്യയുടെ കമന്റ്‌ ഇന്നും ഒന്നും കൊണ്ടുവന്നില്ലേ... -%*​‍്‌#&*- നിങ്ങൾക്കു വേണ്ടെങ്കിൽ വേണ്ട എനിക്ക്‌ രാവിലെ എന്തെങ്കിലും കഴിക്കണം. പോയി വല്ലതും വാങ്ങിക്കൊണ്ടുവാ.. എന്റെ മനുഷ്യാ... അവളുടെ അടുത്ത മിസ്സൈൽ  ആക്രമണം വരുന്നതിനു മുൻപെ പീടികയിലേക്ക്‌ തിരിച്ചു നടന്നു...

മൂന്നാം ദിവസം രാവിലെ തന്നെ ഒരു ഫോൺ ഒരു കിളിമൊഴി എന്താ പിന്നെ വിളിക്കാത്തെ, എപ്പഴാവരുന്നെ, വണ്ടി എടുക്കാൻ എന്ന് . പെട്ടന്ന് ഒന്നും മറുപടി പറയാൻ പറ്റിയില്ല .എന്നാലും തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ കട്ടു ചെയ്തു  ഉടനെ തന്നെ വേണു മാഷെ വിളിച്ചു കാർ എടുക്കുന്ന കാര്യം അന്വേഷിച്ചു . ഏതുവേണം എവിടെ നിന്നെടുക്കണം എന്നൊന്നും
തീരുമാനിച്ചിട്ടില്ലെന്നും മാഷു പറഞ്ഞു. ഇതേ വിവരം ഞാൻ ഉടനെ പെൺകുട്ടിയെ വിളിച്ചു പറഞ്ഞു അവളുണ്ടൊ വിടുന്നു എങ്ങനയോ ഒരുവിധം ഫോൺ വച്ചു. ഒരഞ്ചുമിനിറ്റുകഴിഞ്ഞപ്പൊൾ വേറൊരുത്തി കാർ എപ്പൊഴാണു ഡെലിവറി എടുക്കുന്നത് എന്നും എന്താ ഇതുവരെ അവളെ വിളി ക്കാത്തത് എന്നും ചോദിച്ചുകൊണ്ട്...  അങ്ങിനെ അന്നു മാത്രം ഒരു ഡസനോളം വിളികൾ...പലരീതിയില് മറുപടി പറഞ്ഞൊഴിഞ്ഞു. പലപ്പൊഴും ഇതുകാണുന്ന ഭാര്യ പിറുപിറുക്കാൻ തുടങ്ങിയിരുന്നു. ഫോൺ അവളുടേതാണല്ലോ.......

പിറ്റേദിവസം രാവിലെ തന്നെ വന്ന  ഫോൺ കാൾ ഭാര്യയാണ് എടുത്തത്. ബാലൻ സാറിനെ ചോദിച്ചപ്പൊൾ അവൾ എന്റെ മുഖത്തുനോക്കി ഏതോ "ഒരുത്തി"  ചാറിനെ ചോദിക്കുന്നു എന്നും പറഞ്ഞു ഫോൺ എനിക്കുതന്നു കാർ വാങ്ങുവാൻ ചെല്ലാതിനു എന്താ കാരണം എന്നും മറ്റും നൂറു നൂറ് ചൊദ്യങ്ങൾ തിരിച്ചും മറിച്ചും..ഒരുവിധത്തിൽ  വിളി അവസാനിപ്പിച്ച് തിരിഞ്ഞപ്പൊൾ പിന്നിൽ സഹ ധർമ്മിണി രൗദ്ര ഭാവത്തിൽ ഏതവളാ കൊച്ചുവെളുപ്പാൻ കാലത്തേ ചാറിനെ വിളിക്കുന്നെ? ഒരു ചാറ്... ഒന്നും തിരിച്ചു പറഞ്ഞില്ല. മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ?..    അന്നേ ദിവസം മുഴുവനും ഫോണിനു മറുപടി പറഞ്ഞു മടുത്തു.

പുറമെ ഭാര്യയുടെ കുത്തുവാക്കുകളും വൈകുന്നേരമായപ്പൊളേക്കും ഫോണിന്റെ ബാറ്ററി ചാർജ് തീർന്നു, വീട്ടിൽ കരണ്ടും പോയി..  കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുന്ന  മകൻ ദിവസവും അമ്മയെ വിളിക്കും.  സന്ധ്യക്കാണു വിളിക്കുക. ചാർജില്ലാത്ത ഫോണും കയ്യിലെടുത്ത് രൗദ്രഭാവവുമായി നിൽക്കുന്ന ഭാര്യയുടെ അരികിൽനിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട് റോഡിലേക്ക് ചാടി അങ്ങാടിയിലേക്ക് നടന്നു. പിന്നിൽ അവളുടെ പതം പറച്ചിൽ കേൾക്കാമായിരുന്നു. മകൻ എന്നെ പൈസക്ക് മാത്രമെ വിളിക്കൂ.  ബാക്കി എല്ലാകാര്യവും അവൻ അമ്മയോട് മാത്രമേ പറയൂ. ഒരു ത‌ള്ളക്കോന്തൻ.  രാത്രി കരണ്ട് വന്ന് ഏറെ വൈകിയതിനു  ശേഷമേ വീട്ടിലെക്കു വന്നുള്ളൂ. ഭാര്യയുടെ ഒരു തറപ്പിച്ച നോട്ടത്തിൽ രാത്രി കാര്യങ്ങൾ ഒതുങ്ങി.

അടുത്തദിവസം രാവിലെ തന്നെ പെൺകുട്ടികൾ കാറിന്റെ പേരിൽ വിളി തുടങ്ങി ഇതിനു പുറമേ ഏതൊക്കയോ ഫിനാൻസ് കമ്പനികളിൽ നിന്നും കാർ ലോൺ  വേണോ എന്നും ചോദിച്ചുകൊൺട് വിളികൾ വേറയും എല്ലാം പെണ്ണുങ്ങൾ മാത്രം. വേണു മാഷെ വിളിച്ച് കാറിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു താല്പര്യമില്ലാത്തത് പോലെ . ഇപ്പോൾ വീട്ടിൽ ഒരു സമാധാനവും ഇല്ലാതായി. ഫോണിന്റെ അടുത്തു നിന്നു മാറാനും, ഭാര്യയുടെ സ്വകാര്യസ്വത്തായതിനാൽ ഫോൺ പുറത്തു കൊണ്ടുപോകാനും പറ്റാത്ത അവസ്ഥ. ഭാര്യ ഫോൺ എടുത്താൽ വിളിച്ച ആൾക്ക് ചീത്ത ഉറപ്പ്.  കാറിന്റെ കാര്യം പറയാൻ വേണുമാഷെ വിളിച്ചാൽ ഫോൺ എടുക്കുന്നതുപോലും ഇല്ല. സ്വന്തം ചേട്ടനാണെന്ന് ശിഷ്യക്ക് പരിചയപ്പെടുത്തിയ ആളാണ്.

ഫോൺ  ഓഫാക്കാൻ ഭാര്യ സമ്മതിക്കില്ല. മകനും അവളുടെ വീട്ടുകാരും വിളിക്കും.  അടുത്ത ദിവസം അതു സംഭവിച്ചു ബാലൻ നായർ രാവിലെ രണ്ടിനു പോയ സമയത്തുവന്ന ഒരു     കാൾ ഭാര്യയാണ് എടുത്തത് കാറുവാങ്ങുന്ന കാര്യം കേട്ട ഉടനെ അവൾക്ക് പിരി കയറി പിന്നെ ശരിക്കും ഭരണിപ്പാട്ട് തന്നെയായിരുന്നു  ബാത്ത് റൂമിൽ നിന്ന് വന്ന നായർ കാണുന്നത് ഒരുകയ്യിൽ ഫോണും പിടിച്ചു നിന്നു കലിതുള്ളിനിൽക്കുന്ന ഭാര്യയെയാണ്  കാര്യങ്ങൾ കൈവിട്ടുതുടങ്ങി. അപ്പൊളേക്കും അടുത്ത കാൾ, എടുത്തപ്പോൾ പതിവിനു വിരുദ്ധമായി ഒരു പുരുഷശബ്ദം തങ്ങളുടെ ഒരു ലേഡി സ്റ്റാഫിനെ അപമാനിച്ചതിന് എതിരെ പൊലീസ് കേസുകൊടുക്കുമെന്നും, ജയിലിൽ പോകാൻ തയ്യാറായിക്കൊള്ളാനും.... എല്ലാം മൂളിക്കേട്ട് അയാളോട് മാപ്പു ചോദിച്ച് കേസാക്കരുതെന്ന്  കേണപേക്ഷിച്ചു. ഫോൺ വച്ചതും അതാവരുന്നു അടുത്തകാൾ ഒരുപെൺകൊടി വിഷയം കാറും ലോണും തന്നെ. നായർ ഫോൺ കട്ടുചെയ്യുന്നതിനു മുൻപുതന്നെ ഫോണിന്റെ പിൻഭാഗം അഴിച്ച് സിം കാർഡ് ഊരി എടുത്ത്  ഫോൺ കണ്ണും തുറിപ്പിച്ചു നിൽക്കുന്ന ഭാര്യയുടെ കയ്യിൽ പിടിപ്പിച്ച്  പുറത്തേക്ക് നടന്നു.  വേലിക്കരികൽ ചെന്ന് അതിരിലുള്ള കുട്ടിത്തോട്ടിലേക്ക്  സിം കാർഡ് ഒരൊറ്റ ഏറ് നിന്റൊരു കാറും, ലോണും.  -$%#2*&9$&*‌-

നേരെ അങ്ങാടിയിലേക്ക്  നടന്ന്  ചോയിയുടെ ചായക്കടയിൽ ഒരു ഡബിൾ  സ്ട്രോങ്   ചായക്കു പറഞ്ഞു  കാത്തിരിക്കുമ്പൊൾ കടക്കു  മുൻപിൽ നിർത്തിയ ചുവപ്പു നിറത്തിലുള്ള പുത്തൻ സ്വിഫ്റ്റ് കാറിൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിലേക്ക് കയറി പോകുന്നു മാഷും, ടീച്ചറും... ബാലേട്ടനെ കണ്ടിട്ടും കാണാത്തപോലെ... 
 ടീച്ചറുടെ ചേട്ടൻ  A M  (A M Mottors മാരുതി ഡീലർ) ല് മാനേജറായതിനാൽ നല്ല ലാഭത്തിൽ കിട്ടീത്രേ കാറ് .  സെറ്റും മാറ്റും ഒക്കെ ഫ്രീ ആയിട്ടും കിട്ട്യത്രെ ന്റെ ബാലേട്ടാ... ങ്ങള് തൊന്നും  അറിഞ്ഞീലേ ?   ഫിറ്റർ വാസു.  ഒരു ചായട്ക്ക്  വേഗം വേണം വർക്ഷാപ്പിൽ ഇന്ന് ചെക്കമ്മാരാരും വന്നിട്ടില്ല.
 അപ്പ‌ളാണ് അന്ന്  a m mottors ൽ മാത്രം പോകാതെ മറ്റുള്ളിടത്തെല്ലാം കാറിന്റെ വില അന്വേഷിച്ച് നടന്നതിന്റെ ഗുട്ടൻസും ബാലേട്ടന് പിടികിട്ടിയത്.  എന്തായാലും ഒരു ഡൂപ്ലിക്കേറ്റ്  സിം കിട്ടാൻ വഴി ആലോചിച്ചു കൊണ്ട് കുട്ടി ത്തോട്ടിന്റെ വരമ്പത്തൂടെ ബാലൻ നായർ വീട്ടിലേക്കു നടന്നു.